യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുണ്ടെയുടെ അനന്തിരവന്‍. ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗമായ റോയോ സുപ്രീംകോടതി ജഡ്ജോ അന്വേഷിക്കണമെന്നാണ് എന്‍സിപി നേതാവ് കൂടിയായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടിട്ടുള്ളത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും ഈ രഹസ്യമറിയാവുന്നതുകൊണ്ടാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നുമാണ് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ ഇന്നലെ വെളിപ്പെടുത്തിയത്. വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നുവെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചിട്ടുണ്ട്.
2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലമല്ല ലോകം അറിഞ്ഞത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് യുഎസ് സൈബര്‍വിദഗ്ധനും ഹാക്കറുമായ സെയ്ദ് ഷൂജ വെളിപ്പെടുത്തുന്നത് ഇങ്ങിനെയാണ്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിന് വോട്ടിങ് യന്ത്രത്തിെല അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിലും അട്ടിമറിക്ക് ശ്രമമുണ്ടായിരുന്നു. രാജ്യത്ത് ഒന്‍പതിടങ്ങളിലാണ് അട്ടിമറിക്കുള്ള സാങ്കേതിക സൗകര്യങ്ങളുള്ളത്.
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുകയാണെന്ന് ഇത് ചെയ്യുന്നവര്‍ക്ക് പോലും അറിയില്ല. അത്ര രഹസ്യമായാണ് കാര്യങ്ങള്‍. ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നു. ദ് ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ സാന്നിധ്യവും ഹാക്കത്തോണിലുണ്ടായിരുന്നു. ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ ഇനിയും വ്യക്തമല്ല.
Leave a Reply