456 രോഗികള്‍ മരിച്ചത് വേദനാ സംഹാരികള്‍ അനാവശ്യമായി നല്‍കിയതു കാരണമാണെന്ന് റിപ്പോര്‍ട്ട്. ഹാംപ്ഷയറിലെ ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പ്രതിക്കൂട്ടില്‍. വൈദ്യശാസ്ത്രപരമായി ഒരു ന്യായീകരണവുമില്ലാതെയാണ് ശക്തമായ ഓപ്പിയോയ്ഡുകള്‍ രോഗികള്‍ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത് അപകടകരമാണെന്ന് നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിക്കപ്പെടുകയായിരുന്നുവെന്ന് മുന്‍ ലിവര്‍പൂള്‍ ബിഷപ്പ് ജെയിംസ് ജോണ്‍സിന്റെ നേതൃത്തിലുള്ള സ്വതന്ത്ര പാനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇങ്ങനെ വേദനാ സംഹാരികള്‍ നല്‍കുന്നത് ആശുപത്രി ശീലമാക്കിയിരിക്കുകയായിരുന്നുവെന്നും 200 പേര്‍ അങ്ങനെ മാത്രം മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മനുഷ്യജീവനെ ലാഘവത്തോടെ കാണുന്ന സമീപനമാണ് ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പോലീസ്, രാഷ്ട്രീയനേതൃത്വം, ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്, ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ തുടങ്ങിയ സര്‍വീസുകള്‍ ഇതിനെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഭാവി ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുക എന്നത് മാത്രമാണ് ഈ റിപ്പോര്‍ട്ട കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബിഷപ്പ് ജോണ്‍സ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ ജോലി ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഹെല്‍ത്ത് സെക്രട്ടറി, ഹോം സെക്രട്ടറി, അറ്റോര്‍ണി ജനറല്, ഹാംപ്ഷയര്‍ ചീഫ് കോണ്‍സ്റ്റബിള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply