അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ്-19 ൻെറ തീവ്രത രാജ്യത്ത് കുറഞ്ഞതിനാൽ ഈ വർഷം വേനൽക്കാല അവധിക്ക് നാട്ടിൽ പോകാനായോ വിദേശത്ത് അവധി ആഘോഷിക്കാനായോ ബുക്ക് ചെയ്ത യുകെ മലയാളികൾ ഒട്ടനവധിയാണ്. ലോക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ച രൂപരേഖയിൽ മെയ് 17 മുതൽ വിദേശത്ത് വേനൽക്കാലം ചിലവഴിക്കാനുള്ള അനുവാദം നൽകുമെന്ന് അറിയിച്ചത് ഒട്ടേറെ യുകെ മലയാളികൾ വേനൽക്കാല അവധിയ്ക്കായി ബുക്ക് ചെയ്യുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. എന്നാൽ ഈ വർഷവും അവധിക്കാലം ചെലവഴിക്കാൻ സാധ്യമായേക്കില്ല എന്ന് ഗവൺമെൻറ് അഡ്വൈസർ ഡോ. മൈക്ക് ടിൽഡെസ്ലി മുന്നറിയിപ്പ് നൽകി.
വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവരിലൂടെ ജനിതകമാറ്റം വന്ന കൊറോണവൈറസിൻെറ വകഭേദങ്ങൾ രാജ്യത്ത് എത്താനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഈ വർഷവും വേനൽക്കാല അവധി ദിനങ്ങൾ അനുവദിക്കപ്പെടാനുള്ള സാധ്യത വിരളമാണെന്ന അഭിപ്രായപ്രകടനം ഡോ. മൈക്ക് ടിൽഡെസ്ലി നടത്തിയത്. പല യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡ് വ്യാപനവും മരണനിരക്കും ഉയരുന്ന സാഹചര്യത്തിലാണ് ആളുകൾ വിദേശ യാത്ര നടത്തുകയാണെങ്കിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെയും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയും പിടിച്ചു നിർത്തിയ രോഗവ്യാപനം ബ്രിട്ടനിൽ കുതിച്ചു കയറുമോ എന്ന ആശങ്ക ആരോഗ്യപ്രവർത്തകർക്ക് പൊതുവേയുണ്ട്.
ഇതിനിടെ ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലെ നിർണായക നേട്ടം ഇന്നലെ രാജ്യം കൈവരിച്ചു. പ്രായപൂർത്തിയായ ജനസംഖ്യയുടെ പകുതി പേർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയതിൻെറ സന്തോഷത്തിലായിരുന്നു രാജ്യം. ദേശീയ വിജയമെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിർണായക നേട്ടത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയിൽനിന്നുള്ള വാക്‌സിൻ ലഭ്യതയ്ക്ക് കാലതാമസം നേരിടും എന്ന ആശങ്കകൾക്കിടയിലും യുകെയിലെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വാക്സിൻ വിതരണം സർവകാലറെക്കോർഡിലെത്തിയത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി.
Leave a Reply