ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് നേഴ്സിങ് മേഖലയിലെ കരിയർ പുരോഗതിക്ക് വഴിയൊരുക്കുന്ന നിർണായക നടപടികളുമായി ലേബർ സർക്കാർ രംഗത്ത്. റോയൽ കോളജ് ഓഫ് നേഴ്സിങ് (ആർസിഎൻ) മാസങ്ങളായി ഉയർത്തിയ ആവശ്യങ്ങൾക്കും സമ്മർദ്ദത്തിനും പിന്നാലെ ആരോഗ്യ-സാമൂഹ്യ പരിചരണ സെക്രട്ടറി വെസ് സ്ട്രീറ്റിങ് നേഴ്സുമാർക്കായി പുതിയ പാക്കേജ് പ്രഖ്യാപിച്ചു. നേഴ്സുമാർക്ക് ചുമതലകൾക്ക് അനുസൃതമായ ശമ്പളം ഉറപ്പാക്കുക, വ്യക്തമായ കരിയർ പാത രൂപപ്പെടുത്തുക, കൂടുതൽ പ്രൊഫഷണൽ പിന്തുണ നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ രജിസ്റ്റേഡ് നേഴ്സുമാരുടെയും ശമ്പള ഘടന പുനഃപരിശോധിക്കാൻ എൻഎച്ച്എസ് സ്റ്റാഫ് കൗൺസിലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാൻഡ് 5 നേഴ്സുമാരുടെ ജോലി-ശമ്പള അവലോകനവും പദ്ധതിയിലെ പ്രധാന ഘടകമാണ്. ഉയർന്ന ഉത്തരവാദിത്തങ്ങൾ നിർവഹിച്ചിട്ടും യോജിച്ച ശമ്പളം ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ആവശ്യമായ അധിക ധനസഹായം എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് സർക്കാർ അനുവദിച്ചതായും 2026-27 സാമ്പത്തിക വർഷത്തിലെ സാധാരണ ജീവിതച്ചെലവ് വർധനയിൽ നിന്ന് വേറിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. ബാൻഡ് 5 ൽ തുടരുന്നവർക്കും ബാൻഡ് 6 നിലവാരത്തിലുള്ള ജോലി ചെയ്യുന്നവർക്കും അവലോകനത്തിന് ശേഷം സ്ഥാനക്കയറ്റം ലഭിക്കാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ദേശീയതലത്തിൽ ഏകീകൃത നേഴ്സിങ് പ്രിസെപ്റ്റർഷിപ്പ് പദ്ധതി നടപ്പാക്കി പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഗുണമേൻമയുള്ള പരിശീലനവും പിന്തുണയും ഉറപ്പാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.

സർക്കാരിന്റെ 3.6% ശമ്പള വർധനവ് ആർസിഎൻ അംഗങ്ങളിൽ 91% പേർ നിരസിച്ചതിന് പിന്നാലെയാണ് പുതിയ നീക്കമെന്നതാണ് സംഘടനയുടെ വിലയിരുത്തൽ. ജീവിതച്ചെലവിനനുസൃതമായ യഥാർത്ഥ ശമ്പള വർധനവ് ഉടൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ആർസിഎൻ വീണ്ടും ഉന്നയിച്ചിട്ടുണ്ട്. ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ ഈ പ്രഖ്യാപനം നേഴ്സുമാരുടെ ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതികരിച്ചു. ആർസിഎൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളി ബിജോയ് സെബാസ്റ്റ്യൻ മുന്നോട്ടുവെച്ച ബാൻഡ് 5 ൽ നിന്ന് 6 ലേക്കുള്ള പുരോഗതി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചതിന്റെ ഫലമാണിതെന്നും സംഘടന വിലയിരുത്തുന്നു. നേഴ്സുമാർക്ക് കൂടുതൽ അംഗീകാരം നൽകേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചാണ് നിർമാണാത്മക ചർച്ചകൾ നടത്തിയതെന്ന് വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി.