ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് സർക്കാർ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം ലഭിക്കില്ലെങ്കിലും തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യങ്ങളിലൂടെ സർക്കാർ രൂപീകരിക്കാനാകുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് നടത്തിയ സർവ്വേ.
ഉത്തർപ്രദേശിൽ മഹാസഖ്യം നടപ്പാകാത്ത സാഹചര്യത്തിൽ എൻഡിഎക്ക് മുന്നൂറിലധികം സീറ്റുകൾ കിട്ടാനുള്ള സാധ്യതയുണ്ടെന്നും ഐഎഎൻഎസ് സര്‍വ്വേ പറയുന്നു. വാർത്താ ഏജൻസിക്കു വേണ്ടി ഈ സർവ്വേ നടത്തിയത് സിവോട്ടർ ആണ്. ‘പാകിസ്താനിലെ ജെയ്ഷെ മൊഹമ്മദ് ഭീകര ക്യാമ്പിനു നേരെ വ്യോമാക്രമണം നടത്താൻ നരേന്ദ്രമോദി നയിക്കുന്ന സർക്കാർ ധീരമായ തീരുമാനമെടുത്ത സമയത്താണ് സർവ്വേ നടത്തിയതെ’ന്ന് ഐഎഎൻഎസ് പറയുന്നു. രാജ്യത്തെമ്പാടും ദേശീയതയുടെ ഒരു പുതിയ തരംഗം ഈ വ്യോമാക്രമണത്തിലൂടെ മോദിക്ക് സൃഷ്ടിക്കാനായെന്നും ഐഎഎൻഎസ് റിപ്പോർട്ട് അവകാശപ്പെട്ടു. ഈ തരംഗം ഉപയോഗപ്പെടുത്തി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ തറപറ്റിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെന്നും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.
എൻഡിഎ സഖ്യം ആകെ 264 സീറ്റുകൾ നേടുമെന്നാണ് ഐഎഎൻഎസ് പ്രതീക്ഷിക്കുന്നത്. യുപിഎക്ക് 241 സീറ്റുകളിൽ വിജയിക്കാനാകും. മറ്റു പാർട്ടികൾക്കെല്ലാം ചേർന്ന് 138 സീറ്റുകളും നേടാനാകും. ഉത്തർപ്രദേശിൽ മഹാസഖ്യം നടപ്പായില്ലെങ്കിൽ എൻഡിഎക്ക് 307 സീറ്റിൽ വിജയിക്കാൻ കഴിയുമെന്നും, യുപിഎ 139 സീറ്റും മറ്റു പാർട്ടികൾ 97 സീറ്റും നേടുമെന്നും ഐഎഎൻഎസ് പറയുന്നു.
ബിജെപി ഒറ്റയ്ക്ക് 220 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷ. സഖ്യകക്ഷികൾക്ക് 44 സീറ്റുകളും നേടാനാകും. തെരഞ്ഞെടുപ്പിനു ശേഷം ചില പ്രാദേശിക കക്ഷികളുമായി സഖ്യം ചേരാനാകുമെന്ന ഉറപ്പ് ബിജെപിക്കുണ്ട്. വൈഎസ്ആർ കോൺഗ്രസ്സ്, മിസോ നാഷണൽ ഫ്രോണ്ട്, ബിജു ജനതാദൾ, തെലങ്കാന രാഷ്ട്രസമിതി തുടങ്ങിയ കക്ഷികളിലാണ് ബിജെപിക്ക് പ്രതീക്ഷ. നിലവിലുള്ള കക്ഷികളെയും ചേർത്ത് 301 സീറ്റുകൾ ബിജെപിക്ക് സംഘടിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
യുപിഎക്ക് തെരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫ്, എഐയുഡിഎഫ്, യുപിയിൽ കോൺഗ്രസ്സ് ചേരാൻ വിസമ്മതിച്ച പ്രതിപക്ഷ സഖ്യം, തൃണമൂൽ കോൺഗ്രസ്സ് എന്നിവരുമായി സഖ്യത്തിലേർപ്പെടാൻ കഴിഞ്ഞാലും ആകെ 226 സീറ്റുകളിലേക്ക് മാത്രമേ എത്തുകയുള്ളൂ. യുപിയിൽ മഹാസഖ്യം സാധ്യമായാലും 29 സീറ്റുകൾ ബിജെപിക്കുണ്ടാകുമെന്നും ഐഎഎൻഎസ് സർവ്വേ പറയുന്നു. 2014 തെരഞ്ഞെടുപ്പിൽ നേടിയ 72 സീറ്റുകളെന്ന മാർജിനിലേക്ക് എത്താൻ കഴിയില്ലെന്നുമാത്രം.
ബിജെപിക്ക് നേട്ടമുണ്ടാകാനിടയുള്ള സംസ്ഥാനങ്ങൾ
ബിഹാറിൽ 22ൽ നിന്ന് 36 സീറ്റിലേക്ക് ബിജെപി വളരുമെന്ന് ഐഎഎൻഎസ് സർവ്വേ പറയുന്നു. ഗുജറാത്തിൽ രണ്ട് സീറ്റ് നഷ്ടപ്പെടുമെങ്കിലും 24 സീറ്റിൽ ആധിപത്യം നേടും. കർണാടകത്തിൽ ഒരു സീറ്റ് നഷ്ടം വന്ന് 16 സീറ്റ് നേടും. മധ്യപ്രദേശിൽ 26 സീറ്റിൽ നിന്ന് 24 സീറ്റിലേക്കെത്തും. മഹാരാഷ്ട്രയിൽ 13 സീറ്റ് കൂടുതൽ നേടി 36 സീറ്റിലേക്കെത്തും. ഒഡിഷയിൽ വെറും ഒരു സീറ്റ് മാത്രമാണ് കഴിഞ്ഞവട്ടം ലഭിച്ചിരുന്നതെങ്കിൽ ഇത്തവണയത് 12 സീറ്റായി വർധിക്കും. രാജസ്ഥാനിൽ നാല് സീറ്റ് നഷ്ടം വന്ന് 20 സീറ്റ് നേടും.
കോൺഗ്രസ്സ് നേട്ടമുണ്ടാക്കുക ഇവിടങ്ങളിൽ
അസമിലെ മുഴുവൻ സീറ്റുകളും നേടാൻ കോൺഗ്രസ്സിന് സാധിക്കും. കഴിഞ്ഞ തവണ 3 സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ 7 സീറ്റായി ഉയരും. ഛത്തീസ്ഗഢില്‍ 1 സീറ്റിൽ നിന്ന് 5 സീറ്റിലേക്ക് കോൺഗ്രസ്സ് വളരും. കേരളത്തിൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് രണ്ട് സീറ്റ് കൂടുതൽ നേടും. 14 സീറ്റുകളാണ് യുഡിഎഫ് ഇത്തവണ നേടുക. കർണാടകത്തിൽ ആകെയുള്ള 9 സീറ്റും കോൺഗ്രസ്സ് നേടുമെന്നാണ് പ്രവചനം. തമിഴ്നാട്ടിൽ പുതിയ സഖ്യങ്ങൾ ഉപയോഗപ്പെടുത്തി 4 സീറ്റുകൾ നേടുമെന്നും ഐഎഎൻഎസ് പറയുന്നു.
വോട്ടുവിഹിതം: എൻഡിഎ – 31.1 ശതമാനം. യുപിഎ – 30.9 ശതമാനം. മറ്റു കക്ഷികൾ – 28 ശതമാനം.
Leave a Reply