ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അടുത്താഴ്ച താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന പ്രവചനത്തെതുടർന്ന് രാജ്യത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലണ്ടൻ, മാഞ്ചസ്റ്റർ, യോർക്ക് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് മെറ്റ് ഓഫീസ് റെഡ് അലേർട്ട് പുറപ്പെടുവിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ ലൈനുകളിൽ വേഗ നിയന്ത്രണം ഉണ്ടാകും. സ്കൂളുകൾ നേരത്തെ അടയ്ക്കും. അലേർട്ടിനെ ദേശീയ അടിയന്തരാവസ്ഥയായി കണക്കാക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്ത് റെഡ് ഹീറ്റ് അലേർട്ട് പ്രഖ്യാപിക്കുന്നത്.

ഇത് വളരെ ഗുരുതരമായ സാഹചര്യമാണെന്നും താപനില 40 ഡിഗ്രിയിൽ എത്താൻ അൻപത് ശതമാനം സാധ്യത ഉണ്ടെന്നും മെറ്റ് ഓഫീസ് വക്താവ് ഗ്രഹാം മാഡ്‌ജ് പറഞ്ഞു. യുകെയിലെ ആളുകൾ താപനില ഉയരുമ്പോൾ പാർക്കിലേക്കും ബീച്ചിലേക്കും ഇരച്ചെത്താറുണ്ട്. എന്നാൽ ഇനി വരുന്നത് അത്തരത്തിലുള്ള കാലാവസ്ഥയല്ലെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

ഈ അവസ്ഥയിൽ സുരക്ഷിതമായിരിക്കാൻ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ:.

• ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.

• വീടിനുള്ളിലേക്ക് വെയിൽ കടക്കാതെ കർട്ടൻ ഇട്ട് മറയ്ക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

• നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

• വെയിലത്തു പാർക്ക്‌ ചെയ്ത കാറുകളിൽ ശിശുക്കളെയും കുട്ടികളെയും ഒറ്റയ്ക്കിരുത്തരുത്.

• ഫ്രിഡ്ജുകളും ഫ്രീസറുകളും ഫാനുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക

• രാവിലെ11 മുതൽ വെെകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.

• പുറത്തിറങ്ങേണ്ടി വന്നാൽ തണലത്ത് നടക്കുക. സൺക്രീം പുരട്ടുക, വീതിയേറിയ തൊപ്പി ധരിക്കുക

• ചൂട് കൂടുന്ന ദിവസങ്ങളിൽ പുറംപണികൾ ചെയ്യാതിരിക്കുക.

• യാത്ര ചെയ്യുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

• വെള്ളത്തിൽ ഇറങ്ങുകയാണെങ്കിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുക.