ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡൽഹി : ഒസിഐ കാർഡുകൾ പുതുക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കാൻ മോദി സർക്കാർ. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ വീണ്ടും ഇഷ്യു ചെയ്യുന്നതിനുള്ള പ്രക്രിയ ലളിതമാക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് ഈ തീരുമാനം. ഇതുവരെ 37.72 ലക്ഷം ഒസിഐ കാർഡുകൾ ഇന്ത്യൻ സർക്കാർ നൽകിയിട്ടുണ്ട്. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ തീരുമാനം. ഈ തീരുമാനം പ്രകാരം 50 വയസ്സ് പൂർത്തിയാക്കിയ വ്യക്തി കാർഡ് വീണ്ടും ഇഷ്യു ചെയ്യേണ്ടതിന്റെ ആവശ്യമില്ല. അതേസമയം, 20 വയസ്സ് തികയുമ്പോൾ ഒസിഐ കാർഡ് ഉടമകൾ അവരുടെ കാർഡ് വീണ്ടും പുതുക്കേണ്ടതുണ്ട്.
മുമ്പത്തെ നിയമങ്ങൾ പ്രകാരം ഇരുപത് വയസ്സ് വരെയും അമ്പത് വയസ്സിനു ശേഷവും ഓരോ തവണ പുതിയ പാസ്പോർട്ട് നൽകുമ്പോഴും അപേക്ഷകന്റെ മുഖത്തെ രൂപപരമായ മാറ്റങ്ങൾ പിടിച്ചെടുക്കാൻ വേണ്ടി ഒസിഐ കാർഡുകൾ പുതുക്കേണ്ടത് ആവശ്യമായിരുന്നു. ഈ ആവശ്യകത തള്ളികളയാൻ ഇപ്പോൾ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ നിയമങ്ങൾ അനുസരിച്ച്, 20 വയസ് തികയുന്നതിനുമുമ്പ് ഒസിഐ കാർഡ് ഉടമയായി രജിസ്ട്രേഷൻ നേടിയ ഒരാൾക്ക് 20 വയസ്സ് പൂർത്തിയാക്കിയ ശേഷം പുതിയ പാസ്‌പോർട്ട് നൽകുമ്പോൾ ഒരു തവണ മാത്രമേ ഒസിഐ കാർഡ് പുതുക്കേണ്ടതുള്ളൂ.
ഒരാൾ 20 വയസ്സ് തികഞ്ഞതിന് ശേഷം ഒസിഐ കാർഡ് ഉടമയായി രജിസ്ട്രേഷൻ നേടിയിട്ടുണ്ടെങ്കിൽ, ഒസിഐ കാർഡ് വീണ്ടും ഇഷ്യു ചെയ്യേണ്ട ആവശ്യമില്ലെന്ന് എംഎച്ച്എ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഒസിഐ കാർഡ്‌ഹോൾഡർ ഫോട്ടോ അടങ്ങിയ പുതിയ പാസ്‌പോർട്ടിന്റെ പകർപ്പും ഏറ്റവും പുതിയ ഫോട്ടോയും ഓൺലൈൻ ഒസിഐ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. എംഎച്ച്‌എ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പുതിയ പാസ്‌പോർട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഈ രേഖകൾ ഒസിഐ കാർഡ് ഉടമകൾക്കോ പങ്കാളിയ്ക്കോ അപ്‌ലോഡുചെയ്യാം. വിശദാംശങ്ങൾ സിസ്റ്റത്തിൽ അപ്‌ഡേറ്റുചെയ്യുകയും അപ്‌ഡേറ്റുചെയ്‌ത വിശദാംശങ്ങൾ റെക്കോർഡുചെയ്‌തുവെന്ന് അറിയിച്ചുകൊണ്ട് ഒരു ഇമെയിൽ ലഭിക്കുകയും ചെയ്യും.
Leave a Reply