ന്യൂസ് ഡെസ്ക്, മലയാളം യുകെ
തകർച്ചയിലായ ലിബർട്ടി സ്റ്റീലിനെ പുനർജീവിപ്പിക്കുന്നതിനും 1500 തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനുമായി കമ്പനി സർക്കാർ ഏറ്റെടുക്കുമെന്ന സൂചനകൾ പുറത്തുവന്നു. യുകെയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റീൽ കമ്പനിയായ ലിബർട്ടി സ്റ്റീൽ ഇന്ത്യൻ വംശജനായ സഞ്ജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ളതാണ്.
സ്റ്റീൽ നിർമ്മിക്കാൻ സ്ക്രാപ്പ് മെറ്റൽ ഉപയോഗിക്കുന്ന കമ്പനിയുടെ ഭാവി കുറച്ചുകാലമായി അനിശ്ചിതത്വത്തിലായിരുന്നു. കടബാധ്യത പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചതാണ് കമ്പനിയുടെ തകർച്ചയുടെ പ്രധാന കാരണം. പ്രധാന വായ്പാ ദാതാവായ ഗ്രീൻസിൽ ക്യാപ്പിറ്റൽ തകർന്നതാണ് കമ്പനിയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. കടക്കാർ ആവശ്യപ്പെടുന്ന നിർബന്ധിത ലിക്വിഡേഷനുശേഷം കമ്പനിക്ക് എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലെന്ന അഭിപ്രായം നിയമവിദഗ്ധരുടെ ഇടയിൽ ശക്തമാണ്.
ഇന്ത്യൻ വംശജനായ സഞ്ജീവ് ഗുപ്തയുടെ ലിബർട്ടി സ്റ്റീലിനെതിരെ എച്ച്എംആർസി കടുത്ത നടപടികൾക്ക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു . നികുതി അടവിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കമ്പനി നിയമനടപടികൾ നേരിടുന്നത് . ഏകദേശം 26.3 മില്യൺ ടാക്സ് കുടിശ്ശിക ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്ന് സിംഗപ്പൂർ, റൊമാനിയ വഴി വടക്കൻ ഇംഗ്ലണ്ട് വരെ വ്യാപിച്ചുകിടക്കുന്ന ലോഹങ്ങളുടെയും ഊർജ്ജ കമ്പനികളുടെയും ഗ്രൂപ്പാണ് ലിബർട്ടി കമ്പനി. സഞ്ജീവ് ഗുപ്തയുടെ GFG അലയൻസിന്റെ പ്രധാന ഭാഗമാണ് ലിബർട്ടി സ്റ്റീൽ.
Leave a Reply