ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ എച്ച് എസ് ജീവനക്കാർ, അധ്യാപകർ, മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്ക് അടുത്ത വർഷത്തേയ്ക്കുള്ള ശമ്പള വർദ്ധനവ് ശുപാർശ ചെയ്തതായുള്ള സുപ്രധാന റിപ്പോർട്ട് പുറത്തുവന്നു. ഈ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് 2.8 ശതമാനം ശമ്പള വർദ്ധനവാണ് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ശുപാർശകൾ ഇനി ശമ്പള അവലോകന സമിതികൾ പരിഗണിക്കും. അതിനു ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാവുന്നത്.


ഓരോ പൊതു മേഖലാ സ്ഥാപനത്തിലും 2025 – 26 വർഷങ്ങളിലും ഭാവിയിലും തങ്ങളുടെ സ്ഥാപനത്തിൽ നടപ്പിലാക്കുന്ന ശമ്പള വർദ്ധനവിന്റെ ഭാരം അവർ തന്നെ വഹിക്കേണ്ടതായിരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അതായത് ശമ്പള വർദ്ധനവിനായി അധികമായി ഫണ്ട് നൽകില്ല. സ്ഥാപനങ്ങൾ അവരുടെ ബഡ്ജറ്റിൽ നിന്ന് അതിനായി പണം കണ്ടെത്തേണ്ടതായി വരും. ശുപാർശ ചെയ്യുന്ന ശമ്പള വർദ്ധനവ് വകുപ്പുകൾക്ക് താങ്ങാനാവുന്നതിലും കൂടുതലാണെങ്കിലും ഈ തീരുമാനത്തിന് മാറ്റമുണ്ടാകില്ലെന്നാണ് സർക്കാർ സൂചിപ്പിക്കുന്നത്. മറ്റ് സമ്പാദ്യങ്ങളിലൂടെയോ ഉത്പാദന ക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയോ അധിക ചിലവുകൾക്കും ശമ്പളം കണ്ടെത്താനും കഴിയുമോ എന്നത് ഉദ്യോഗസ്ഥർ പരിഗണിക്കേണ്ടതുണ്ടെന്നുമാണ് സർക്കാർ പുതിയതായി പിൻതുടരുന്ന നയം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂലൈ 4- ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാരിനെ സംബന്ധിച്ച് അടുത്ത വർഷത്തെ ശമ്പള വർദ്ധനവ് ഒരു കീറാ മുട്ടിയായിരിക്കും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. പല യൂണിയനുകളും ശമ്പള ശുപാർശ വളരെ അപര്യാപ്തമാണെന്ന തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഒരു കാപ്പിയുടെ വിലയേക്കാൾ കുറവാണ് നിർദിഷ്ട ശമ്പള വർദ്ധനവ് എന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ആയ പ്രൊഫസർ നിക്കോള റേഞ്ചർ പറഞ്ഞു. ശമ്പള വർദ്ധനവ് നിരാശജനകമാണെന്ന് അധ്യാപകരുടെ യൂണിയൻ പറഞ്ഞു. എന്നാൽ സർക്കാർ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ ശമ്പള വർദ്ധനവ് ശുപാർശ മുന്നോട്ട് വച്ചിരിക്കുന്നുവെന്നാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ പറയുന്നത്.