ലണ്ടന്‍: ഹൈഹീലുകള്‍ ധരിക്കാന്‍ സ്ത്രീ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന സ്ഥാപന മേധാവികള്‍ക്കെതിരെ നടപടിയെടുക്ാകണമെന്ന് ആവശ്യപ്പെട്ട് നടന്നു വന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ സര്‍ക്കാര്‍ നിരസിച്ചു. ധനകാര്യ സ്ഥാപനമായ പിഡബ്ല്യുസിയില്‍ ജീവനക്കാരിയായിരുന്ന നിക്കോള തോര്‍പ്പ് എന്ന സ്ത്രീക്ക് ഹൈഹീല്‍ ധരിക്കാത്തതിന്റെ പേരില്‍ ശമ്പളം നിഷേധിച്ചത് വിവാദമായിരുന്നു. ഇവരാണ് ഡ്രസ് കോഡിന്റെ പേരില്‍ ഹൈഹീലുകള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന സ്ഥാപന മേധാവികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചത്. 2015ലാണ് ഫ്‌ളാറ്റ് ഷൂസ് ധരിച്ചതിന്റെ പേരില്‍ ഇവര്‍ക്ക് ശമ്പളം നിഷേധിക്കപ്പെട്ടത്.
1,52,400 പേര്‍ പിന്തുണച്ച ഓണ്‍ലൈന്‍ പെറ്റീഷന്‍, പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു വരെ കാരണമായി. പക്ഷേ ലിംഗപരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. അതിനാലാണ് നിയമത്തില്‍ മാറ്റം ആവശ്യമില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. വിഷയത്തിനോട് നിഷേധാത്മകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നായിരുന്നു നിക്കോള തോര്‍പ്പ് പ്രതികരിച്ചത്. ഡ്രസ് കോഡ് നിശ്ചയിക്കുന്നത് നിയമാനുസൃതവും യോജിക്കുന്ന വിധത്തിലുള്ളതുമായിരിക്കണമെന്ന് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്വാളിറ്റി ഓഫീസ് ഈ സമ്മറില്‍ ഡ്രസ് കോഡുകള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. നിലവിലുള്ള നിയമത്തേക്കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. കോമണ്‍സ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ചില സ്ഥാപനങ്ങളുടെ മേധാവികള്‍ തങ്ങളുടെ സ്ത്രീ ജീവനക്കാരോട് ഹെയര്‍ കളര്‍ ചെയ്യാനും മാനിക്യുവര്‍ ചെയ്യാനും ശരീരഭാഗങ്ങള്‍ പുറത്തു കാണിക്കുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ആവശ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സമത്വത്തിനായുള്ള നിയമങ്ങള്‍ പ്രയോഗതലത്തില്‍ സമത്വം കൊണ്ടു വരാന്‍ പ്രാപ്തമല്ലെന്നാണ് വിമന്‍ ആന്‍ഡ് ഇക്വാളിറ്റി കമ്മിറ്റി അധ്യക്ഷ മരിയ മില്ലര്‍ പറയുന്നത്. അതുകൊണ്ടു തന്നെ പുതിയ നിയമ നിര്‍മാണത്തിന്റെ ആവശ്യകത ഈ പെറ്റീഷന്‍ വ്യക്തമാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കമ്മിറ്റി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും ജീവനക്കാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന് തെളിയിക്കുന്നതായും അവര്‍ വ്യക്തമാക്കി.
Leave a Reply