എന്‍എച്ച്എസ് സ്റ്റാഫിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുമെന്ന സൂചന നല്‍കി ഗവണ്‍മെന്റ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നല്ലാത്ത ഡോക്ടര്‍മാര്‍ക്കും ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിക്കും. കൂടുതല്‍ ഡോക്ടര്‍മാരെ രാജ്യത്ത് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെഡിക്കല്‍ ട്രെയിനിംഗ് ഇനിഷ്യേറ്റീവ് പദ്ധതി അനുസരിച്ച് നിലവിലുള്ള 1500 ഡോക്ടര്‍മാര്‍ എന്ന പരിധി പുനര്‍നിര്‍ണയിക്കും. നോണ്‍ യൂറോപ്യന്‍ യൂണിയന്‍ ഡോക്ടര്‍മാരുടെ പരിധി 3000 ആയി ഉയര്‍ത്തുമെന്നാണ് സൂചന. മിനിസ്റ്റര്‍മാര്‍ ഇതിന് അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന യുവാക്കളായ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് രാജ്യത്ത് തങ്ങാനുള്ള കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് മൂന്നാക്കി ഉയര്‍ത്താനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്.

ബ്രെക്‌സിറ്റിനു ശേഷമുള്ള ഇമിഗ്രേഷന്‍ നയം വിശദീകരിക്കാന്‍ സര്‍ക്കാരിനു മേല്‍ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കെയാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്. റൈറ്റ് ടു എന്‍ട്രി വൈദഗ്ദ്ധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇത് എന്‍എച്ച്എസ് സ്റ്റാഫിംഗ് പ്രതിസന്ധി കുറച്ചേക്കുമെന്നാണ് കരുതുന്നത്. കുടിയേറ്റ നിയമത്തില്‍ വരുത്തുന്ന ഇളവുകള്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെങ്കിലും ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഇത് പരിഹാരമാകുമെന്നാണ് മന്ത്രിമാര്‍ കരുതുന്നത്. കുറച്ചു നാളുകളായി ഈ വിഷയത്തില്‍ ഹോം ഓഫീസുമായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. വിഷയത്തില്‍ അനുകൂല നിലപാട് ആവശ്യപ്പെട്ടുകൊണ്ട് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്ക്‌സിന് ഹാന്‍കോക്ക് കത്ത് നല്‍കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാന്‍ കഴിയാത്തത് എന്‍എച്ച്എസിന് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഏറെയാണ്. ഇതു മൂലം ചില ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ അടച്ചുപൂട്ടേണ്ടതായി വന്നു. ഡിസംബര്‍ മധ്യത്തോടെ ഇമിഗ്രേഷന്‍ ഇളവുകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ദീര്‍ഘകാല പദ്ധതി അവതരിപ്പിച്ചേക്കും. ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് 11-ാം തിയതി നടക്കുന്ന വോട്ടെടുപ്പിനു ശേഷമായിരിക്കും പ്രഖ്യാപനം.