ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ക്ഷേമ ബില്ലിൽ ചിലവഴിക്കുന്ന തുക വെട്ടി കുറയ്ക്കാനുള്ള സർക്കാരിൻറെ നടപടി രാജ്യത്തുടനീളം നിരവധി പേരെ ബാധിക്കും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഏകദേശം പത്ത് ലക്ഷം പേർക്ക് പ്രതിവർഷം 5000 പൗണ്ട് വരെ നഷ്ടമാകും എന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു പുറമെ പേഴസണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് (പി ഐ പി), ഡിസെബിലിറ്റി ബെനഫിറ്റ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നിബന്ധനകൾ കർശനമാക്കുകയും ചെയ്തു. ഇതുവഴിയായി ഈ ഇനത്തിൽ സർക്കാർ ചിലവഴിക്കുന്ന തുകയിൽ ഏകദേശം 5 ബില്യൺ പൗണ്ട് കുറവ് വരുത്താൻ സാധിക്കുമെന്നാണ് പ്രാഥമിക കണക്കുകൾ കാണിക്കുന്നത്.
വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാലിൻെറ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച തീരുമാനങ്ങൾ വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സോഷ്യൽ ബെനിഫിറ്റ് ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിന് സമാനമായി യൂണിവേഴ്സല്‍ ക്രെഡിറ്റിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ആനുകൂല്യം യുവാക്കള്‍ക്ക് നിഷേധിക്കുകയാണ് സര്‍ക്കാര്‍ എന്ന ആരോപണവും ശക്തമാണ്. 66,000 പേരെ ബാധിക്കുന്ന ഈ പരിഷ്‌കാരം വഴി സര്‍ക്കാരിന് 330 മില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയും എന്നാണ് കണക്കാക്കുന്നത്. സർക്കാരിൻറെ പുതിയ നടപടികളോട് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചാരിറ്റികളും യൂണിയനുകളും വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. ലേബർ പാർട്ടിയിൽ തന്നെ എംപിമാർ സർക്കാർ നടപടിയിൽ ആശങ്ക രേഖപ്പെടുത്തി. രോഗികൾക്ക് ക്ഷേമനിധി പെയ്മെൻ്റുകൾ വെട്ടികുറയ്ക്കുന്നത് ധാർമ്മികമായും സാമ്പത്തികമായും തെറ്റാണെന്നും സമയം വരുമ്പോൾ ഈ നടപടിക്കെതിരെ തങ്ങൾ വോട്ട് ചെയ്യുമെന്നും മുതിർന്ന ലേബർ എംപിയായ ജോൺ ട്രിക്കറ്റ് പറഞ്ഞു. കൂടുതൽ വികലാംഗരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ഡിസെബിലിറ്റി ബെനിഫിറ്റ് കൺസോർഷ്യത്തിലെ ചാൾസ് ഗില്ലീസ് മുന്നറിയിപ്പ് നൽകി.
കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിൽ പേഴ്സണൽ ഇൻഡിപെൻഡൻ്റ് പെയ്മെന്റുകൾ മരവിപ്പിക്കാനുള്ള പദ്ധതികളിൽ നിന്ന് മന്ത്രിമാർ പിന്മാറിയിരുന്നു. എന്നാൽ ഇത്തരം ആനുകൂല്യങ്ങൾ കൈപ്പറ്റാനുള്ള യോഗ്യത മാനദണ്ഡങ്ങൾ കർശനമാക്കാനാണ് സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ആനുകൂല്യം ലഭിക്കാനുള്ള യോഗ്യത പരുധി ഉയർത്തുന്നതിലൂടെ ഏകദേശം 620,000 ആളുകൾക്ക് പ്രതിമാസം ശരാശരി 675 പൗണ്ട് നഷ്ടപ്പെടുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്ക് മുന്നറിയിപ്പ് നൽകി. ഇങ്ങനെ വെട്ടി കുറയ്ക്കൽ നടത്തുന്ന 70 ശതമാനം കേസുകളും ദരിദ്രമായ കുടുംബങ്ങളുടേതായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വെട്ടി കുറയ്ക്കൽ നടപടി വികലാംഗരുടെ അവകാശങ്ങൾക്കായി വാദിക്കുന്നവരെയും ലേബർ പാർട്ടി എംപിമാരെയും കാര്യമായി ആശങ്കയിലാക്കിയിട്ടുണ്ട്.
ക്ഷേമ പദ്ധതികൾക്കായി ചിലവഴിച്ചിരുന്ന 5 ബില്യൺ പൗണ്ട് മുതൽ 6 മില്യൺ പൗണ്ട് വരെ വെട്ടി കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിബന്ധനകൾ കർശനമാക്കുന്നതിലൂടെ ഓട്ടിസം പോലുള്ള അവസ്ഥകൾ ഉള്ള പലർക്കും ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ട്. നിലവിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന പലർക്കും ജോലി ചെയ്യാനും അതിന് സാധിച്ചില്ലെങ്കിൽ മുൻ ആനുകൂല്യങ്ങൾ കൈപ്പറ്റാനുമുള്ള അവകാശം വാഗ്ദാനം ചെയ്യും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. തൊഴിൽ, പെൻഷൻ സെക്രട്ടറി ലിസ് കെൻഡൽ ചൊവ്വാഴ്ച നടപ്പിലാക്കാൻ പോകുന്ന പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ തൊഴിൽ, പെൻഷൻ സെക്രട്ടറി ലിസ് കെൻഡൽ ചൊവ്വാഴ്ച അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
Leave a Reply