ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിലെ നേഴ്സിംഗ് ജോലി ഉപേക്ഷിച്ച് കൂടുതൽ പേർ പോകുന്നത് തടയാൻ അധിക തുക സർക്കാർ വകയിരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നേഴ്സുമാർക്ക് പണപെരുപ്പത്തിന് ആനുപാതികമായ ശമ്പള വർധനവും അതോടൊപ്പം ഈ മേഖലയിലേയ്ക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും മെച്ചപ്പെട്ട ശമ്പളം നൽകണമെന്ന് നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.


ആവശ്യങ്ങളുടെ മേൽ ഉചിതമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ സമരങ്ങൾക്ക് തുടക്കമിടുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. ശമ്പള പരിഷ്കരണത്തെ കുറിച്ച് സർക്കാരിന് നിർദ്ദേശം നൽകാൻ എൻഎച്ച്എസ് പേ റിവ്യൂ ബോഡിയ്ക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ ആർസിഎൻ സമർപ്പിച്ചു കഴിഞ്ഞു. ശമ്പള കുറവും മറ്റ് ആനുകൂല്യങ്ങളുടെയും അഭാവം മൂലം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന പകുതിയോളം നേഴ്സുമാർ ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരാണെന്ന ഒരു സർവേ ആർസിഎൻ പ്രസിദ്ധീകരിച്ചിരുന്നു.

ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ ഉടനീളം 42,000 – ത്തിലധികം നേഴ്സുമാരുടെ തസ്തികകൾ ഒഴിഞ്ഞിരിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ. എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് മെച്ചപ്പെട്ട ശമ്പളം ലക്ഷ്യം വച്ച് ഓസ്ട്രേലിയ പോലുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് . ഇപ്പോൾ തന്നെ ഗുരുതര രോഗങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ള രോഗികളുടെ കാത്തിരിപ്പ് സമയം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കൂടുതൽ നേഴ്സുമാർ ജോലി ഉപേക്ഷിക്കുന്നത് എൻഎച്ച്എസ്സിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. പരിചയസമ്പന്നരായ ആയിരക്കണക്കിന് ജീവനക്കാർ പുറത്തുപോകാൻ തീരുമാനിച്ചിരിക്കുന്നതിനാൽ എൻ എച്ച് എസിലെ നേഴ്സിംഗ് ജീവനക്കാരുടെ പ്രതിസന്ധി ഓരോ ദിവസവും രൂക്ഷമാകുകയാണെന്ന് ആർസിഎൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു.