ന്യൂഡല്‍ഹി: സിനിമാ ചിത്രീകരണ സ്ഥലത്തുവച്ച് തനിക്കിഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചയാളെ തല്ലിയെ കേസില്‍ നടന്‍ ഗോവിന്ദ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഖേദപ്രകടനവും നടത്താനും സുപ്രീം കോടതി നിര്‍ദ്ദേശം. 2008ല്‍ മണി ഹേ തോ ഹണി ഹേ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വച്ചാണ് സിദ്ധാര്‍ഥ് റായ് എന്നയാളെ ഗോവിന്ദ മുഖമടച്ച് തല്ലിയത്.
ഹൈക്കോടതി കേസ് പരിഗണിക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സിദ്ധാര്‍ഥ് റായി സുപ്രീം കോടതിയെ സമീപിച്ചത്. ‘താങ്കളുടെ സിനിമ എല്ലാവരും ആസ്വദിക്കാറുണ്ട്. താങ്കള്‍ ഒരു നല്ല നടനാണ്, പക്ഷെ ഒരാളുടെ മുഖത്ത് അടിക്കുന്നത് അംഗീകരിക്കാനാകില്ല. സിനിമയില്‍ ചെയ്യുന്നതെല്ലാം യഥാര്‍ഥ ജീവിതത്തില്‍ ആര്‍ക്കും ചെയ്യാനാകില്ല’ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂറും സി. ഗോപാല്‍ ഗൗഡയും ഗോവിന്ദയോട് പറഞ്ഞു.
കേസ് രമ്യമായി പരിഹരിക്കാനും സുപ്രീം കോടതി തന്നെയാണ് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് ഖേദപ്രകടനത്തിനും നഷ്ടപരിഹാരം നല്‍കാനും ഗോവിന്ദ തയാറായത്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാരം പോരെന്നാണ് സിദ്ധാര്‍ഥ് റായി പറയുന്നത്. ഗോവിന്ദ മാപ്പു പറഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാമെന്നും ഇദ്ദേഹം പറയുന്നു.
ചിത്രീകരണ സ്ഥലത്തെ നര്‍ത്തകിമാരോട് ചേര്‍ന്നു നിന്നതിനാണ് താന്‍ സിദ്ധാര്‍ഥിനെ തല്ലിയതെന്നായിരുന്നു സുപ്രീം കോടതിയിലെത്തിയപ്പോള്‍ ഗോവിന്ദയുടെ വാദം. എന്നാല്‍ ഇത് കോടതി തള്ളിക്കളയുകയായിരുന്നു.