ന്യൂഡല്‍ഹി: മൂന്ന് സേനാവിഭാഗങ്ങളെയും ഒരു കമാന്‍ഡിന് കീഴിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയം. സൈനിക കമാന്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്തി മൂന്ന് കമാന്‍ഡിനേയും ഒന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിലവില്‍ ഓരോ സൈനിക വിഭാഗത്തിനും വ്യത്യസ്ത ചട്ടങ്ങളാണ് ഉള്ളത്. ഈ ചട്ടങ്ങളാണ് സൈനിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. എന്നാല്‍ പുതിയ കമാന്‍ഡ് നിലവില്‍ വരുന്നതോടെ ഈ നിയമത്തില്‍ മാറ്റം വരും.
മുന്ന് സേനാംഗങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാനും സൈനിക നടപടികളില്‍ പങ്കെടുക്കാനും സാധിക്കുന്ന തരത്തിലാവും പുതിയ ഭേദഗതി. ഇത്തരത്തില്‍ ഒരേ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത സൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട മൂന്ന് കമാന്‍ഡുകളാണ് വരാന്‍ പോകുന്നത്. ഇവ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡുകളെന്നാണ് അറിയപ്പെടുന്നത്. ഇത്തരം സൈനിക കമാന്‍ഡുകള്‍ നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുണ്ട്. അയല്‍രാജ്യമായ ചൈനയ്ക്ക് അഞ്ച് ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡുകളാണ് ഉള്ളത്.
2001 മുതല്‍ ആന്‍ഡമാനില്‍ ഇത്തരമൊരു സൈനിക സംവിധാനം നിലനില്‍ക്കുന്നുണ്ടെങ്കിലും സൈനിക വിഭാഗങ്ങളുടെ വ്യത്യസ്ത നിയമങ്ങള്‍ കമാന്റിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. പുതിയ ഭേദഗതി ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നാകും കമാന്‍ഡിന്റെ തലവന്‍ അറിയപ്പെടുക. ഇനി മുതല്‍ സൈനികരുടെ പരിശീലനം, സേനാ കേന്ദ്രങ്ങളുടെയും താവളങ്ങളുടെയും പൂര്‍ണ നിയന്ത്രണം, സൈനിക നടപടികളുടെ ആസൂത്രണം, അവയുടെ നടത്തിപ്പ് എന്നിവ തീയറ്റര്‍ കമാന്‍ഡിന് കീഴിലാകും.
Leave a Reply