ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കർശനമാക്കാൻ സർക്കാർ. പാർലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിങ്ങിന്റെ ഭാഗമായാണ് ചാൾസ് രാജാവ് ഇത് പ്രഖ്യാപിച്ചത്. കുറ്റവാളികളെ ഡോക്കിൽ ഹാജരാകാൻ നിർബന്ധിക്കുന്ന നടപടികളും തടവുകാർ വിവാഹം കഴിക്കുന്നത് തടയുന്നതിനുള്ള നിയമവും ഇതിൽ ഉൾപ്പെടും. ഇതാദ്യമായാണ് ചാൾസ് രാജാവെന്ന നിലയിൽ പ്രസംഗിക്കുന്നത്. കൺസർവേറ്റീവുകൾ ഒരു വർഷത്തിലേറെയായി അഭിപ്രായ വോട്ടെടുപ്പിൽ ലേബറിനേക്കാൾ പിന്നിലാണ്, പ്രസംഗത്തിൽ പ്രഖ്യാപിച്ച ബില്ലുകൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതീക്ഷിക്കുന്നു.
കുറ്റകൃത്യ ബില്ലുകൾക്ക് പുറമേ നോർത്ത് സീയിലെ എണ്ണ, വാതക പദ്ധതികൾക്ക് വർഷം തോറും ലൈസൻസ് അനുവദിക്കുന്ന ബില്ലും സിഗരറ്റ് വാങ്ങാനുള്ള പ്രായം ഉയർത്തി ക്രമേണ പുകവലി നിരോധിക്കാനുള്ള പദ്ധതി ഉൾപ്പെടെയുള്ളവ പ്രഖ്യാപിക്കും. പ്രസംഗത്തിന് മുന്നോടിയായി, ഇംഗ്ലണ്ടിനും വെയിൽസിനുമായി മൂന്ന് ക്രൈം ബില്ലുകൾ പ്രഖ്യാപിക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു.
നീതിന്യായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ 67 ജീവപര്യന്തം തടവുകാരാണുള്ളത്. കുറ്റവാളികളെ ഡോക്കിൽ ഹാജരാക്കാൻ ന്യായമായ ബലപ്രയോഗം നടത്താമെന്നും ബിൽ നിയമത്തിൽ വ്യക്തമാക്കുമെന്ന് സർക്കാർ പറയുന്നു. ഇത് വിസമ്മതിക്കുന്ന കുറ്റവാളികൾക്ക് രണ്ട് വർഷം അധിക തടവ് ലഭിക്കും. ശിക്ഷകൾ കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ശ്രമം.
Leave a Reply