കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പിതാവ് പ്രസന്നന്‍. തന്റെ മകൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രസന്നൻ പറയുന്നു. കെട്ടിടത്തില്‍ നിന്ന് വീണ് കിടന്ന മകളെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് താന്‍ മകളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ മകൾ അല്ല എന്നാണ് പറഞ്ഞത്. ‘മോള്‍ വീണതാണോ’ എന്നതിനും ‘അല്ല’ എന്നായിരുന്നു മറുപടി. എന്നാൽ പിന്നിൽ നിന്ന അധ്യാപകര്‍ ‘ചാടിയതാണ്, ചാടിയതാണ്’ എന്ന് ആവര്‍ത്തിക്കുകയായിരുന്നുവെന്നു നിറ കണ്ണുകളോടെ പ്രസന്നൻ ഒരു സ്വകാര്യ ചാനലിനോട് പറയുന്നു.

കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ബെന്‍സിഗര്‍ ആശുപത്രിയിലെ നടപടികളിലും പ്രസന്നൻ ദുരൂഹത ആരോപിക്കുന്നു. ട്രിനിറ്റി ലൈസിയം സ്കൂളും ബെന്‍സിഗര്‍ ആശുപത്രിയും ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ളതാണ്.കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ ആയ വൈദികനോട് താന്‍ സംസാരിച്ചിരുന്നു. “ഡോ.ജയപ്രകാശ് ആണ് നോക്കുന്നത്, ഒരു പ്രശ്നവുമില്ലെന്ന് “അച്ചന്‍ പറഞ്ഞു. മകള്‍ വീണതാണെന്നും ഒന്നാം നിലയില്‍ നിന്നു ചാടിയതാണെന്നും പറഞ്ഞപ്പോള്‍ മകളുടെ കാലൊക്കെ പരിശോധിച്ചു എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നറിയാന്‍. ഒരു കുഴപ്പവുമില്ല, തലയുടെ പിന്നില്‍ അല്പം ക്ളോട്ടിങ് മാത്രമേ ഉള്ളൂവെന്നും അത് മാറ്റാമെന്നും പറഞ്ഞിരുന്നു.

മകളെ അകത്തേക്ക് കൊണ്ടുപോയി കുറച്ചുകഴിഞ്ഞിട്ടും കാണാതെ വന്നതോടെ താന്‍ കതകില്‍ തട്ടി. തുറക്കാതെ വന്നപ്പോള്‍ താന്‍ ചവിട്ടി. ഒരാള്‍ വന്ന് മര്യദയില്ലേ എന്ന് ദേഷ്യപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ ആണെന്ന് പറഞ്ഞ് തമിഴ് സംസാരിക്കുന്ന ഒരാള്‍ വന്നു. അയാളോട് ചോദിച്ചപ്പോള്‍ ഡോ.ജയപ്രകാശ് ആണ് നോക്കുന്നത് എന്നു പറഞ്ഞു. അദ്ദേഹം എവിടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വിളിച്ചു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും വന്നില്ല. അപ്പോള്‍ മകളെ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. ഐ.സി.യുവില്‍ കയറ്റി തന്റെ മകളെ അവര്‍ എന്തോ ചെയ്തിട്ടുണ്ടെന്നും പ്രസന്നന്‍ ആരോപിച്ചു. കുട്ടി മൊഴി നല്കാതിരിക്കാനാണ് അവർ എന്തോ ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടി പോലീസിന് മൊഴി നല്‍കാതിരിക്കാന്‍ മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും മണിക്കൂറുകള്‍ വച്ചു താമസിപ്പിച്ചതു വഴി മകളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പ്രസന്നൻ പറയുന്നു. ഐ.സി.യു എന്നു പറഞ്ഞ് അടുക്കള പോലെ മുറിയിയായിരുന്നു. ഇതാണോ ഐ.സി.യു എന്ന് താനും ചോദിച്ചു. ഈ സമയമാണ് തന്റെ മകളെ ഇവര്‍ അപായപ്പെടുത്തുമോ എന്ന ഭയം തനിക്ക് മനസ്സില്‍ തോന്നിയത്. ഐ.സി.യുവില്‍ നിന്ന് ഇറങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ മകളുമായി അല്ലാതെ പുറത്തിറങ്ങില്ലെന്ന് താന്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന പോലീസുകാരെയും പിന്നീട് കണ്ടില്ലെന്നും അച്ഛന്‍ പ്രസന്നന്‍ പറയുന്നു.

ഐ.സി.യുവിലേക്ക് കയറ്റിയിട്ട മകളെ സ്കാന്‍ ചെയ്യാനോ പ്രാഥമിക ചികിത്സ നല്‍കാനോ അവര്‍ തയ്യാറായില്ലെന്നും പ്രസന്നന്‍ ആരോപിച്ചു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പല തവണ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ആദ്യം വഴങ്ങിയില്ലെന്ന് ആശുപത്രിയില്‍ നടന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ യുവതി പറഞ്ഞു. ഗൗരിയുടെ അടുത്ത ബന്ധുകൂടിയാണ് ഇവര്‍. “ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായ തന്റെ മാമി ഐ.സി.യുവില്‍ കയറി കണ്ടുവെന്നും ആ കാഴ്ച ഞെട്ടിച്ചുകളഞ്ഞുവെന്നും മാമി പറഞ്ഞു. കുട്ടിയെ വെറുതെ ഒരു ബെഡില്‍ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ നല്‍കാന്‍ വസ്ത്രം പോലും നീക്കിയിരുന്നില്ല” എന്ന് ഇവർ പറയുന്നു. മംഗളം ആണ് ഇത് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ഗൗരിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.