ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാരകമായ ക്യാൻസർ ബാധിച്ച സ്ത്രീയെ ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചതിന് മലയാളിയായ ഡോക്ടർക്ക് ജയിൽ ശിക്ഷ. 47 വയസ്സുകാരനായ ഡോ. മോഹൻ ബാബുവിനാണ് മൂന്നര വർഷം തടവുശിക്ഷ നൽകാൻ കോടതി വിധിച്ചത്. 2019 സെപ്റ്റംബറിനും 2021 ജൂലൈയ്ക്കും ഇടയിൽ ഹാംഷെയറിലെ ഹവന്തിൽ ഒരു സർജറിയിൽ ജോലി ചെയ്യുമ്പോഴാണ് ഇയാൾ ലൈംഗികാതിക്രമങ്ങൾ നടത്തിയത് . ഡോ. മോഹനൻ ബാബു മലയാളിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും കേരളത്തിൽ ഏത് സ്ഥലത്ത് നിന്നുള്ള ആളാണെന്ന് വ്യക്തമല്ല.

മോഹൻ ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിചാരണവേളയിൽ പ്രോസിക്യൂട്ടർ മുന്നോട്ടു വച്ചത്. ഗുരുതരമായ ക്യാൻസർ ബാധിച്ച സ്ത്രീയുൾപ്പെടെയാണ് ഇയാളുടെ ഇരകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ചികിത്സയ്ക്കിടെ രോഗികളുടെ സമ്മതമില്ലാതെ പലരെയും ചുംബിക്കുകയും സ്പർശിക്കുകയും ചെയ്ത ഇയാൾ രോഗികൾക്ക് ഡോക്ടർ എന്ന നിലയിൽ തന്റെ മേലുള്ള വിശ്വാസം ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് കോടതി കണ്ടെത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പ്രധാനമായും മൂന്നു രോഗികളുടെ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. ഈ മൂന്നുപേരും ഇയാളെ കുറിച്ച് വെവ്വേറെ പരാതികൾ നൽകുകയായിരുന്നു. പരാതിക്കാരിൽ ഒരാളോട് അവരുടെ മറുകുകൾ പരിശോധിക്കാനാണെന്നും പറഞ്ഞ് ഇയാൾ അടിവസ്ത്രം ഊരി മാറ്റാൻ ആവശ്യപ്പെട്ടു. പീഡിപ്പിക്കപ്പെട്ടവരിൽ മാരകമായ ക്യാൻസർ ബാധിച്ച രോഗി ഡോ. മോഹനൻ ബാബുവിനെ ശിക്ഷ വിധിക്കുന്നതിന് മുമ്പ് മരണമടഞ്ഞിരുന്നു. എന്നിരുന്നാലും മറ്റ് ഇരകൾക്കൊപ്പം അവരുടെ കേസും കോടതി പരിഗണിച്ചു.

മൂന്ന് സ്ത്രീകൾക്കെതിരെയുള്ള നാല് ലൈംഗികാതിക്രമ കേസുകളിൽ ജൂറി ഇയാളെ ശിക്ഷിച്ചെങ്കിലും മറ്റു രണ്ടു സ്ത്രീകൾക്കെതിരെയുള്ള മൂന്ന് കുറ്റങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇയാൾക്ക് എതിരെ ഇതിനു മുൻപും ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നിരുന്നെന്നും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെന്നും വിചാരണവേളയിൽ കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഡോക്ടർ കൂടിയായ ഭാര്യയ്ക്കൊപ്പം ജിപി സർജറിയിൽ ജോലി ചെയ്യുമ്പോഴാണ് ലൈംഗിക അതിക്രമങ്ങൾ ഇയാൾ നടത്തിയത് . മോശമായി രോഗികളോട് പെരുമാറുന്നതിനു പുറമേ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ഇയാൾ നടത്തിയിരുന്നു.