ഒരു പ്രസവത്തില്‍ നാലു കുട്ടികള്‍ എന്നത് യുവതികളായ അമ്മമാര്‍ക്ക് പോലും അല്പം റിസ്‌കുള്ള കാര്യമാണ്. അപ്പോള്‍ പ്രായമേറുമ്പോള്‍ സങ്കീര്‍ണ്ണതയേറിയ ഗര്‍ഭവും പ്രസവവും ഉണ്ടാക്കാവുന്ന പൊല്ലാപ്പുകള്‍ പറയാവുന്നതിലും വലുതായിരിക്കും. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് നാല്‍വര്‍ സംഘത്തിന് ജന്മം നല്‍കിയിരിക്കുകയാണ് ട്രേസി ബ്രിറ്റന്‍ എന്ന 50 കാരി. കഴിഞ്ഞ മാസമാണ് സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ നാലു കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ ജന്മം നല്‍കിയത്. മൂന്ന് പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കുമാണ് ട്രേസി മാതാവായത്. ഐവിഎഫ് ചികിത്സയിലൂടെയാണ് ഇവര്‍ ഗര്‍ഭം ധരിച്ചത്. ഇതോടെ ബ്രിട്ടനില്‍ ഒരു പ്രസവത്തില്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഏറ്റവും പ്രായമേറിയ അമ്മ എന്ന റെക്കോര്‍ഡും ഇവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഗര്‍ഭകാലം 31 ആഴ്ച പിന്നിട്ടതോടെ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു.

ഉടന്‍ തന്നെ ഇന്റന്‍സീവ് കെയറില്‍ പ്രവേശിപ്പിച്ച കുട്ടികളെ ക്രിസ്തുമസിന് വീട്ടിലേക്ക് കൊണ്ടുപോകാനാകും എന്ന പ്രതീക്ഷയിലാണ് ട്രേസി. നാലു പേരെയും ഇതുവരെ ഒരുമിച്ച് കിടത്താനായിട്ടില്ല. നാലു മെഷീനുകളിലാണ് ഇവരുള്ളത്. ഈ കുഞ്ഞുങ്ങളുടെ ജനനത്തെ അദ്ഭുതം എന്നാണ് ട്രേസി വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് എന്തു പേരിടണമെന്നത് പിതാവായ സ്റ്റീഫനുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ട്രേസി പറഞ്ഞു. ഒരു കുഞ്ഞിനെയാണ് താന്‍ ആഗ്രഹിച്ചത്. എന്നാല്‍ എനിക്ക് നാലു കുഞ്ഞുങ്ങളെ ലഭിച്ചു. ഇതൊരു അദ്ഭുതമാണ്. ഈ പ്രായത്തില്‍ കുട്ടികളുണ്ടാകുന്നത് വലിയ ബുദ്ധിമുട്ടായിരിക്കുമെന്നാണ് തന്നോട് പലരും പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് ചരിത്രമാണ് എന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ട്രേസിക്ക് മൂന്നു മക്കള്‍ നേരത്തേയുണ്ട്. രണ്ട് പെണ്‍മക്കളും ഒരു ആണും. ഏഴു മാസം മുതല്‍ 11 വയസ് വരെ പ്രായമായ എട്ട് പേരക്കുട്ടികളും ട്രേസിക്കുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 50 വയസ് പിന്നിട്ടപ്പോളാണ് വീണ്ടും ഒരു കുഞ്ഞിനെ വേണമെന്ന് ട്രേസിക്ക് ആഗ്രഹം തോന്നിയത്. ഇതോടെ ഐവിഎഫ് ചികിത്സക്ക് വിധേയയാകാന്‍ തീരുമാനിക്കുകയായിരുന്നു. സൈപ്രസിലാണ് ഇതിനായി ഇവര്‍ പോയത്. 7000 പൗണ്ടാണ് ഇവര്‍ ചികിത്സക്കായി ചെലവാക്കിയത്.