എനിക്കുറപ്പാണ്, ഗ്രാസ് റൂട്ട് വഴിയായിരുന്നു അവരുടെ യാത്രയെങ്കില്‍ അവൻ മരിച്ചിട്ടുണ്ടാകും…’ പറയുന്നത് വിയറ്റ്‌നാമിലെ ഹാനോയിൽ നിന്നുള്ള ഒരു പിതാവാണ്. ലണ്ടനിലെ ഗ്രേയ്സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു കണ്ടെത്തിയ കണ്ടെയ്നറിലെ 39 മൃതദേഹങ്ങളിലൊന്ന് തന്റെ മകന്റേതാണെന്ന് ഈ പിതാവ് ഉറച്ചുവിശ്വസിക്കുന്നു. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. അതെല്ലാം വിരൽ ചൂണ്ടുന്നതാകട്ടെ വിയറ്റ്നാമിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കു നടക്കുന്ന മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കും…
യൂറോപ്പിലേക്കു കടക്കാൻ ആഗ്രഹിക്കുന്ന ഓരോ വിയറ്റ്നാമുകാരനും നേരിടുന്ന ഒരു ചോദ്യമുണ്ട്– ‘ഗ്രാസ്’ വഴിയാണോ അതോ വിഐപിയോ? ആ ചോദ്യത്തിനു നൽകുന്ന ഉത്തരത്തിന് ഓരോരുത്തരുടെയും ജീവന്റെ വിലയുണ്ടെന്നതാണു സത്യം. യൂറോപ്പിലേക്കു കടക്കാനുള്ള യാത്രാവഴിയെ മനുഷ്യക്കടത്തുകാർ വിശേഷിപ്പിക്കുന്നത് ഗ്രാസ് റൂട്ടെന്നും വിഐപി റൂട്ടെന്നുമാണ്. വിഐപി റൂട്ടിലാണു യാത്രയെങ്കിൽ പിടിക്കപ്പെടാൻ ഒരു ശതമാനം മാത്രമേ സാധ്യതയുള്ളൂ. അതാണ് ഏറ്റവും സുരക്ഷിതവും ഏറ്റവും ‘വിലപിടിച്ചതുമായ’ മാർഗം. ഗ്രാസ് റൂട്ട് വഴിയാണെങ്കിൽ 100% മരണം ഉറപ്പാണെന്നും ഡിൻ ഗിയ എന്ന പിതാവ് പറയുന്നു.
അദ്ദേഹത്തിന്റെ മകൻ ങുയേൻ ഡിന്നും (20) കൊല്ലപ്പെട്ട 39 പേരിലുണ്ടെന്നാണു കരുതുന്നത്. ഡിന്നിന്റെ ഉൾപ്പെടെ ഡിഎൻഎ സാംപിളുകൾ വിയറ്റ്നാമീസ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഗ്രേയ്സിൽ കണ്ടെയ്നർ കണ്ടെത്തിയ സ്ഥലം ഗ്രാസ് റൂട്ടിൽ ഉൾപ്പെട്ടതാണെന്നാണ് ഡിൻ പറയുന്നത്.
ബ്രിട്ടനിലേക്കു കടക്കുന്ന വിയറ്റ്നാമുകാരിലേറെയും അവിടത്തെ അനധികൃത കഞ്ചാവു പാടങ്ങളിൽ തൊഴിലെടുക്കുകയാണെന്നു കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവിന്റെ വിളിപ്പേരുകളിലൊന്ന് ‘ഗ്രാസ്’ എന്നാണ്. എന്നാൽ വിയറ്റ്നാമിൽ ഏറ്റവും വിലകുറഞ്ഞ, അല്ലെങ്കിൽ ഒട്ടും വിലയില്ലാത്ത വസ്തുക്കളെ വിശദീകരിക്കാൻ ഉപയോഗിക്കുന്നതാണ് ഗ്രാസ് എന്ന വാക്ക്. ‘വെറും പുല്ലാണ്’ എന്ന അർഥത്തിലാണ് മനുഷ്യക്കടത്തുകാർ ഒരു ജീവനെ കണക്കാക്കുന്നതെന്നു ചുരുക്കം.
യാത്ര അതീവ രഹസ്യം
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമില്‍ നിന്ന് ഗ്രാസ് റൂട്ട് വഴി മാസങ്ങളെടുത്തു മാത്രമേ യൂറോപ്പിലെത്താനാകൂ. അതീവരഹസ്യമായാണ് പല വാഹനങ്ങളിലൂടെയും നടന്നും കാടും പർവതങ്ങളുമെല്ലാം കടന്നുമുള്ള യാത്ര. ആദ്യം വിയറ്റ്നാമില്‍ നിന്ന് ചൈനയിലേക്കു കടക്കും, അവിടെ നിന്ന് റഷ്യയിലേക്കും. ഇതു മിക്കവാറും വാഹനങ്ങളിലായിരിക്കും. റഷ്യൻ അതിർത്തി കടന്ന് യുക്രെയ്നിലേക്കോ ലാത്വിയയിലേക്കോ കടക്കുന്നത് കാൽനടയായാണ്. കൊടുംകാടുകളും ദുഷ്കരങ്ങളായ പർവതങ്ങളും കടന്നുള്ള ആ യാത്ര രാത്രിയിൽ മാത്രമാണു നടക്കുക. വഴിയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ അവിടെ യാത്ര അവസാനിപ്പിച്ച് പിടികൊടുക്കുകയേ വഴിയുള്ളൂ. അല്ലെങ്കിൽ മരണം.
എന്നാൽ വിഐപി റൂട്ടിൽ കാര്യങ്ങൾ ഏറെ എളുപ്പം. വിയറ്റ്നാമിൽ നിന്ന് യൂറോപ്പിലേക്ക് വ്യാജ പാസ്പോർട്ട് വഴിയാണു യാത്ര. ഇടത്താവളമായി മൂന്നാമതൊരു രാജ്യവും കാണും. ഏതാനും ദിവസങ്ങൾക്കകം ലക്ഷ്യസ്ഥാനത്തെത്താം. പക്ഷേ വൻ തുകയാണ് ഇടനിലക്കാർക്കു നൽകേണ്ടി വരിക. ഗ്രാസ് റൂട്ടിൽ ഏകദേശം 2.7 ലക്ഷം രൂപയാണ് ഒരാൾക്കു ചെലവു വരിക. ഫ്രാൻസ് വഴി ബ്രിട്ടനിലേക്കു കടക്കാനാണിത്. എന്നാൽ വിഐപി റൂട്ടാണെങ്കിൽ ഏകദേശം 10 ലക്ഷം രൂപ നൽകണം. ഈ തുകയിൽ പിന്നെയും മാറ്റം വരും. ജർമനിയിൽ നിന്നോ അതോ ഫ്രാന്‍സിൽ നിന്നോ ആണ് ബ്രിട്ടനിലേക്കുള്ള യാത്ര എന്നതനുസരിച്ചിരിക്കും തുകയിലെ മാറ്റം.
‘മകൻ തന്നോടു പറഞ്ഞത് വിഐപി റൂട്ടിലൂടെയാണു പോകുന്നതെന്നായിരുന്നു. എന്നിട്ടും അവനെങ്ങനെ കണ്ടെയ്നറിലെത്തിയെന്നു മനസ്സിലാകുന്നില്ല. ചതി പറ്റിയിട്ടുണ്ടാകാം…’ ഡിൻ പറയുന്നു. എന്നാൽ വിഐപി റൂട്ട് പ്രകാരം വിമാനമാർഗം ബ്രിട്ടനിലേക്കു കടക്കാനാകില്ല എന്നാണ് മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്നവർ പറയുന്നത്. ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലെത്തുന്ന അഭയാർഥികളെ ബ്രിട്ടനിലേക്ക് എത്തിക്കണമെങ്കിൽ ജലമാർഗം കണ്ടെയ്നറിൽ കടത്തുകയേ വഴിയുള്ളൂ. അതായത്, ഗ്രാസ് റൂട്ടിനു വേണ്ടി പണം നൽകിയവരുടെയും വിഐപി റൂട്ടിലുള്ളവരുടെയും യാത്ര അവസാനിക്കുന്നത് ഏതെങ്കിലും ഒരു കണ്ടെയ്നറിലായിരിക്കുമെന്നർഥം. പണം മുടക്കുന്നവർക്ക് ഇക്കാര്യം അറിയില്ലെന്നു മാത്രം.
ഡിന്നിന്റെ മകൻ ചൈനയിൽ നിന്നാണ് റഷ്യയിലേക്കു കടന്നത്. 2017 ഒക്ടോബർ ആദ്യമായിരുന്നു അത്. അവിടെ നിന്ന് യുക്രെയ്നിലേക്കു കടന്നു. മറ്റ് അഭയാർഥികള്‍ക്കൊപ്പം ഏകദേശം ആറു മാസത്തോളം അവിടെ താമസിച്ചു. ബ്രിട്ടനിൽ നേരത്തേയെത്തിയ വിയറ്റ്നാമുകാർ ഡിന്നിന്റെ മകനെ സഹായിക്കാമെന്നേറ്റിരുന്നു. അങ്ങനെയാണ് യാത്ര അവിടേക്കു ലക്ഷ്യമിട്ടത്. 2018 ഏപ്രിലിൽ ജർമനിയിലെത്തി. വിവിധ വാഹനങ്ങളിലായിരുന്നു യാത്രയെങ്കിലും അതിനിടെ ഏഴു മണിക്കൂറോളം നടക്കേണ്ടി വന്നിരുന്നു ആ യുവാവിന്.
ജർമനിയിലെ ‘വിയറ്റ്നാം’
ജർമനിയിലെ വിയറ്റ്നാമുകാരുടെ കേന്ദ്രം കിഴക്കൻ ബെർലിൻ കേന്ദ്രീകരിച്ചുള്ള ഡോങ് ഷുവാൻ സെന്ററായിരുന്നു. മൊത്തക്കച്ചവടക്കാരാണ് അവിടെ നിറയെ. ബ്രിട്ടനിലേക്കുള്ള മനുഷ്യക്കടത്തിന്റെ പ്രധാന കേന്ദ്രവും അതാണെന്ന് നേരത്തേ ഒരു ചാനൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇക്കാര്യം ബെർലിൻ പൊലീസും സ്ഥിരീകരിച്ചതാണ്. ഒട്ടേറെ ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഡോങ് ഷുവാൻ സെന്ററിൽ നിറയെ വിയറ്റ്നാമീസ് സ്റ്റുഡിയോകളും ഹെയർ ഡ്രസിങ് കടകളും ഫൂഡ് ഹാളുകളും തുണിക്കടകളും കഫേകളുമെല്ലാമാണ്.
ഞായറാഴ്ച ഉച്ചനേരങ്ങളിലാണ് ഇവിടെ വൻതിരക്ക്. സ്വദേശികളും വിദേശികളും അഭയാർഥികളായി എത്തിയവരുമെല്ലാം ഒത്തുകൂടുന്നതും ആ സമയത്താണ്. സെന്ററിലേക്കുള്ള പ്രവേശന കവാടത്തിലെ പ്രധാന ഓഫിസ് അന്നേരം അടച്ചിടും. ഫോൺവിളിച്ചാൽ പോലും ഒരാളും എടുക്കാനുണ്ടാകില്ല. ഇത്തരമൊരു മേഖലയില്‍ നിന്നു മനുഷ്യക്കടത്തുകാരെ കണ്ടെത്താനും തടയാനും ഏറെ ബുദ്ധിമുട്ടാണെന്നും അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.
പല ഘട്ടങ്ങളായാണ് ഓരോ വിയറ്റ്നാം അഭയാർഥിയുടെയും യാത്രാപാത തയാറാക്കുക. ഓരോ ഘട്ടത്തിലും മനുഷ്യക്കടത്തുകാർ അഭയാർഥികളുടെ വീട്ടിൽ നിന്നു പണം വാങ്ങും. എന്നാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്കു പോകാനാകൂ. നല്ല ഭാവി ലക്ഷ്യമിട്ടു പോകുന്നവരുടെ യാത്ര പാതിവഴിയിൽ മുടങ്ങേണ്ടെന്നു കരുതി വീട്ടുകാർ കടംവാങ്ങിയാണെങ്കിലും പണം നൽകും. ജർമനിയിൽ നിന്നു ഫ്രാൻസിലേക്കു മകനെ കൊണ്ടുപോകാൻ അതുവരെ നൽകിയതു പോരാതെ 12 ലക്ഷം രൂപ കൂടിയാണ് ഡിന്നിനോട് മനുഷ്യക്കടത്തുകാർ ചോദിച്ചത്. ഫ്രാന്‍സിൽ സുരക്ഷിതമായെത്തിയെന്ന് മകൻ വിളിച്ചു പറഞ്ഞിരുന്നു. പണം തയാറാക്കി വയ്ക്കാനുള്ള ‘സിഗ്നൽ’ ആയിരുന്നു അത്.
പണമിടപാടിനും രഹസ്യ സംവിധാനം
‘ആരോ ഒരാൾ ഫോണിൽ വിളിച്ച് പണത്തിന്റെ കാര്യം പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ ഒരു വാഹനം വീടിനു മുന്നിലെത്തി. അതിലിരുന്നയാൾക്കു പണം നൽകി. ഏകദേശം 30 വയസ്സ് പ്രായമുണ്ടായിരുന്നു അയാൾക്ക്. പണം വാങ്ങി ഒന്നും മിണ്ടാതെ അയാൾ പോവുകയും ചെയ്തു…’ ഡിൻ പറയുന്നു. പണം നൽകിയിട്ടും ഒന്നര വർഷത്തോളം മകന് ഫ്രാൻസിൽ കഴിയേണ്ടി വന്നു. അനധികൃതമായി അവിടെ ഒരു റസ്റ്ററന്റിൽ കഴിയുകയായിരുന്നു മകൻ. അതിനു ശേഷം ബ്രിട്ടനിലേക്കു കടന്നപ്പോഴായിരുന്നു ദുരന്തം സംഭവിച്ചതെന്നും കരുതുന്നു.
പണം വാങ്ങാനായി എത്തുന്നവരിൽ ഭൂരിപക്ഷവും മുഖം മറച്ചിട്ടാണ് വീടുകളിലെത്തുകയെന്ന് മറ്റൊരു വിയറ്റ്നാമുകാരനായ ബുയ് താക് പറയുന്നു. അദ്ദേഹത്തിന്റെ ബന്ധു ബുയ് ഫാൻ താങ് എന്ന പെൺകുട്ടിയും കണ്ടെയ്നറിൽ കൊല്ലപ്പെട്ടുവെന്നാണു കരുതുന്നത്. പത്തൊൻപതുകാരിയായ ബുയ് ഫാൻ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളുമായിരുന്നു. പണം വാങ്ങാനെത്തുന്നവര്‍ ഏറ്റവും സുരക്ഷിതമായി കാണുന്ന ഇടങ്ങളിലൊന്ന് ബസ് സ്റ്റാൻഡുകളാണ്. ആ തിരക്കിൽ മുഖം മറച്ച ചിലർ കൃത്യമായി എത്തും, പണം വാങ്ങി തിരക്കിനിടയിലേക്കു മുങ്ങും. ബാങ്കുകൾ വഴിയുള്ള ഇടപാടും ഇവർക്കില്ല. അതിനു സമാന്തരമായി മറ്റൊരു അനധികൃത സംവിധാനമാണ് പണമിടപാടിന് ഉപയോഗിക്കുന്നതെന്നും ബുയ് താക്കിന്റെ വാക്കുകൾ.
വിയറ്റ്നാമിൽ നിന്നുള്ള ബുയ് തി നങ് എന്ന പത്തൊൻപതുകാരിയും മരിച്ച 39 പേരിലുണ്ടെന്നാണു കരുതുന്നത്. മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞത് ഇവർക്കാണെന്നും കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാണാതായവരെ ഉൾപ്പെടുത്തി കേസും റജിസ്റ്റർ ചെയ്തു. ഹാ ടിൻ പ്രവിശ്യയിൽ നിന്നു മനുഷ്യക്കടത്ത് കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം ഇരുപതോളം പേരെ മേഖലയിൽ നിന്നു കാണാതായിട്ടുണ്ട്.
പാരിസ്ഥിതിക ദുരന്തത്തിന്റെ ബാക്കിപത്രം
യുകെയിൽ 2009–16 കാലഘട്ടത്തിൽ റജിസ്റ്റർ ചെയ്ത മനുഷ്യക്കടത്തു കേസുകളിൽ 70 ശതമാനവും അനധികൃത തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നെന്ന് സർക്കാർതല റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവ് പാടങ്ങളിലേക്കും ബ്യൂട്ടിപാർലറുകളിലേക്കുമായിരുന്നു വിയറ്റ്നാമിൽ നിന്നുള്ളവരെ എത്തിച്ചിരുന്നത്. വിയറ്റ്നാമിലെ പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു മനുഷ്യക്കടത്തുകാരുടെ പ്രധാന ഇരകൾ.
രാജ്യത്ത് ഏറ്റവുമധികം പാവപ്പെട്ടവർ ജീവിക്കുന്ന പ്രവിശ്യകളിലൊന്നാണ് ങേ അൻ. ഇവിടെ നിന്നാണ് യൂറോപ്പിലേക്കുള്ള മനുഷ്യക്കടത്തിലേറെയുമെന്നും പസിഫിക് ലിങ്ക്സ് ഫൗണ്ടേഷന്റെ റിപ്പോർട്ടിൽ പറയുന്നു. സമീപത്തെ ഹാ ടിൻ പ്രവിശ്യയിൽ നിന്നാണു ശേഷിക്കുന്നവരിലേറെയും. 2019ൽത്തന്നെ ആദ്യ ഒൻപതു മാസത്തിനിടെ ഇവിടെ നിന്നു വിവിധ രാജ്യങ്ങളിലേക്കു ജോലി തേടിപ്പോയത് ഏകദേശം 41,790 പേരാണ്.
വിയറ്റ്നാമിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നാണ് പ്രവിശ്യയുടെ നാശത്തിലേക്കു നയിച്ചത്. 2016ൽ തായ്‌വാനീസ് കമ്പനിയായ ഫോർമോസ പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിൽ നിന്ന് വൻതോതിൽ കടലിലേക്കു വിഷജലം പ്രവഹിക്കുകയായിരുന്നു. അതോടെ പ്രാദേശികമായുണ്ടായിരുന്ന മത്സ്യബന്ധനവും ടൂറിസവും തകർന്നു. ഏറെ പ്രതിഷേധങ്ങളുയർന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ജീവിതം വഴിമുട്ടിയ ജനം കൂട്ടത്തോടെ നാടുവിട്ടു.
ലണ്ടനിൽ 39 പേർ കൊല്ലപ്പെട്ട കണ്ടെയ്നറിലുണ്ടായിരുന്നവരുടെ പൗരത്വം സംബന്ധിച്ചു സംശയങ്ങളുണ്ടെങ്കിലും തന്റെ മകൻ മരിച്ചുവെന്നു തന്നെയാണ് ഡിൻ വിശ്വസിക്കുന്നത്. അതിനു കാരണം ഒരു ഫോൺ വിളിയാണ്. സംഭവം നടന്ന ഒക്ടോബർ 23നു പിറ്റേന്നു വ്യാഴാഴ്ചയാണ് ആ ഫോൺ സന്ദേശമെത്തിയത്. ഡിന്നിന്റെ മകന്റെ യാത്രയെപ്പറ്റി കൃത്യമായ അറിവുള്ള മനുഷ്യക്കടത്തു സംഘത്തിലെ ഒരാളായിരുന്നു അത്. ‘ഞാൻ പറയുന്ന കാര്യം നിങ്ങൾക്കു മനസ്സിലാകുമെന്നു തോന്നുന്നു. ആ വാഹനം ഒരു അപകടത്തിൽപ്പെട്ടിരിക്കുന്നു…’ എന്നായിരുന്നു സന്ദേശം. ഒരു കാര്യം കൂടി അയാൾ പറഞ്ഞു–’വാഹനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരിക്കുന്നു……’
Leave a Reply