ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്രേറ്റ്‌ മാഞ്ചസ്റ്റർ : പുതിയ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സർക്കാരുമായി ഒരു കരാറിലെത്താൻ ഇതുവരെയും കഴിയാത്തതിനെത്തുടർന്ന് ഗ്രേറ്റ്‌ മാഞ്ചസ്റ്റർ പ്രതിസന്ധിയിൽ. പ്രദേശം ഇപ്പോഴും സർക്കാരിൽ നിന്ന് ഒരു പിന്തുണ തേടുകയാണെന്ന് മേയർ ആൻഡി ബർൺഹാം പറഞ്ഞു. ഗ്രേറ്റ് മാഞ്ചസ്റ്ററിലെ കൗൺസിൽ നേതാക്കൾ സർക്കാരിൽ നിന്ന് കുറഞ്ഞത് 75 മില്യൺ പൗണ്ട് ധനസഹായം വേണമെന്ന് വാദിക്കുന്നുണ്ട്. ഒരു കരാറും അംഗീകരിച്ചില്ലെങ്കിൽ പ്രധാനമന്ത്രിക്ക് ഉന്നതതല നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് വ്യക്തമാക്കി. വെരി ഹൈ അലേർട്ട് ലെവൽ ഏർപ്പെടുത്തുന്നതോടെ ഭക്ഷണം വിളമ്പാത്ത പബ്ബുകളും ബാറുകളും അടച്ചിടും. ഒപ്പം വീടിനുള്ളിൽ ഒത്തുകൂടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. ഗ്രേറ്റ് മാഞ്ചസ്റ്ററിലെ 28 ലക്ഷം ജനങ്ങളെ ടയർ 2വിൽ നിന്ന് ടയർ 3യിലേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് സർക്കാരും പ്രാദേശിക നേതാക്കളും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ട്‌ പത്തു ദിനങ്ങളായി. ഇതിനിടയിൽ സർക്കാർ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടയർ 3 നിയന്ത്രണങ്ങൾ തൊഴിലാളികളെ മോശമായി ബാധിക്കുമെന്നും അവരെ സഹായിക്കാൻ കൂടുതൽ സാമ്പത്തിക സഹായം ആവശ്യമാണെന്നും ഗ്രേറ്റ് മാഞ്ചസ്റ്ററിലെ പ്രാദേശിക നേതാക്കൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഗ്രേറ്റ് മാഞ്ചസ്റ്ററിനെ യുകെയുടെ എല്ലാ ഭാഗങ്ങൾക്കും തുല്യമായിട്ടാണ് പരിഗണിക്കുന്നതെന്ന് ചാൻസലർ റിഷി സുനക് കോമൺസിൽ പറഞ്ഞു. നാഷണൽ ഫണ്ടിങ് ഫോർമുല നിലവിലുണ്ടെന്ന് സുനക് ആവർത്തിച്ചു. ടയർ 3യിലേയ്ക്ക് കടക്കുന്ന പ്രദേശത്തിലെ ഒരാൾക്ക് 8 പൗണ്ട് എന്ന നിലയിലാണ് ആകെ തുക ലഭിക്കുക. അതുപ്രകാരം ഗ്രേറ്റ് മാഞ്ചസ്റ്ററിന് 22 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തതായും ലിവർപൂൾ സിറ്റി റീജിയനിലും ലങ്കാഷെയറിലും സർക്കാർ ചെയ്ത കാര്യങ്ങൾക്ക് അനുസൃതമായി അധിക പിന്തുണ മാഞ്ചെസ്റ്ററിനും ലഭിക്കുമെന്നും ബിസിനസ് മന്ത്രി നാദിം സഹാവി പറഞ്ഞു.

ഇരുപക്ഷവും തമ്മിൽ ധാരണയിലെത്തിയില്ലെങ്കിൽ താൻ നിയമം ലംഘിക്കില്ലെന്ന് ബൺഹാം കൂട്ടിച്ചേർത്തു. ലിവർപൂൾ സിറ്റി റീജിയണും ലങ്കാഷയറുമാണ് ഇപ്പോൾ ടയർ 3 നിയന്ത്രണത്തിന് കീഴിൽ ഉള്ളത്. എന്നിരുന്നാലും, സൗത്ത് യോർക്ക് ക്ഷയർ, വെസ്റ്റ് യോർക്ക് ക്ഷയർ, നോട്ടിംഗ്ഹാംഷെയർ, നോർത്ത്ഈസ്റ്റ്‌ ഇംഗ്ലണ്ട്, ടീസൈഡ് എന്നിവയും മുൻനിരയിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഇന്നലെ പറയുകയുണ്ടായി. ബിസിനസുകൾ, ജോലികൾ, വിദ്യാഭ്യാസം എന്നിവ പരിരക്ഷിക്കുന്ന ഒരു പാക്കേജ് ഞങ്ങൾക്ക് ആവശ്യമാണെന്ന് സർക്കാരുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി സംസാരിച്ച നോട്ടിംഗ്ഹാം സിറ്റി കൗൺസിൽ നേതാവ് ഡേവിഡ് മെല്ലൻ അറിയിച്ചു.