ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ അടുത്ത ഒരു വർഷത്തേയ്ക്ക് ദൈവാലയങ്ങളിൽ ഉപയോഗിക്കാനുള്ള അഭിഷേകതൈലം (വിശുദ്ധ മൂറോൻ) വെഞ്ചരിപ്പും രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനവും ഇന്നും നാളെയുമായി (ബുധൻ, വ്യാഴം) പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീദ്രൽ ദൈവാലയത്തിൽ നടക്കും. തിരുക്കർമ്മങ്ങൾക്കും സമ്മേളനങ്ങൾക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറൽമാരായ റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, റെവ. ഫാ. ജോർജ് തോമസ് ചേലക്കൽ, റെവ. ഫാ. ജിനോ അരീക്കാട്ട് M C B S, ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപതയിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ, സന്യാസിനികൾ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.
നാളെ (വ്യാഴം) രാവിലെ 11: 00 മണിക്കാണ് പ്രെസ്റ്റൺ കത്തീഡ്രൽ ദൈവാലയത്തിൽ വി. കുർബാനയും അഭിഷേകതൈലം വെഞ്ചരിപ്പുശുശ്രുഷയും നടക്കുന്നത്. കത്തോലിക്കാ സഭയിലെ എല്ലാ വ്യക്തി സഭകൾക്കും തങ്ങളുടെ ദൈവാലയങ്ങളിൽ ഉപയോഗിക്കുന്നതിനായി അഭിഷേകതൈലം ഓരോ വർഷവും പുതുതായി വെഞ്ചരിക്കുന്ന പതിവും പാരമ്പര്യവുമുണ്ട്. ഓരോ രൂപതയുടെയും രൂപതാധ്യക്ഷനാണ് ഇത് നിർവഹിക്കുന്നത്. വിശ്വാസികളെ വിശുദ്ധീകരിക്കുന്നതിനും പൂർണ്ണരാക്കുന്നതിനുമായി, കൂദാശകളിൽ ഈ ആശീർവദിച്ച തൈലമാണ് ഉപയോഗിക്കുന്നത്. ശുദ്ധമായ ഒലിവ് എണ്ണയിൽ സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് വി. മൂറോൻ തൈലം തയ്യാറാക്കുന്നത്. രൂപതയ്ക്കാവശ്യമായ അനുഗ്രഹങ്ങളെല്ലാം വർഷിക്കപ്പെടുന്ന ഈ അഭിഷേകതൈല ആശീർവാദത്തിൽ രൂപതയിലെ എല്ലാ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ഈ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കാൻ വൈദികരും വിശ്വാസിപ്രതിനിധികളുമെത്തും.
ഇന്ന് (ബുധൻ) വൈകിട്ട് അഞ്ച് മണിക്ക് പ്രെസ്റ്റണ് കത്തീഡ്രലിൽ വച്ച് രൂപതയിലെ എല്ലാ വൈദികരുടെയും സമ്മേളനം (പ്രെസ്ബിറ്റേറിയം) നടക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വരും വർഷങ്ങളിലേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമാണ് വൈദികരുടെ ഈ പ്രാഥമിക സമ്മേളനം. വൈദികസമ്മേളനത്തിലുരുത്തിരിയുന്ന ആശയങ്ങൾ നാളെ ഉച്ചകഴിഞ്ഞു നടക്കുന്ന വൈദിക-അല്മായപ്രതിനിധി സംയുക്തസമ്മേളനം ഒരുമിച്ചു ചർച്ചചെയ്യുകയും വിശ്വാസികളുടെ ആത്‌മീയവളർച്ചയ്ക്കാവശ്യമായ പദ്ധതികൾ വിശകലനം ചെയ്യുകയും ചെയ്യും. പ്രവാസി ജീവിത പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് നൽകേണ്ട ആത്‌മീയകാര്യങ്ങളെക്കുറിച്ചാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്.
രൂപതയുടെ ആത്‌മീയയാത്രയിലെ ഈ സുപ്രധാന ദിവസത്തിൽ എല്ലാവരും ആത്മന പങ്കുചേരണമെന്നും നാളെ നടക്കുന്ന വി. കുർബാനയർപ്പണത്തിൽ രൂപതയിലെ എല്ലാ വിശ്വാസികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നതായും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. വി. കുർബാനയിൽ പങ്കെടുക്കാൻ വരുന്ന ബഹു. വൈദികർ തിരുവസ്ത്രം കൊണ്ടുവരേണ്ടതാണ്. വി. കുർബാനയ്ക്കു ശേഷം നടക്കുന്ന അജപാലന ആലോചനായോഗം (Pastoral consultation meeting) നടക്കുന്ന നൂർ ഹാളിനു സമീപമായിരിക്കും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് (Noor Hall, Noor street, Preston, PR1 1QS). വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ പാർക്കിംഗ് പേയ്മെന്റ് നടത്തുകയും സ്ലിപ് പ്രദർശിപ്പിക്കുകയും ചെയ്യേണ്ടതാണ്. വി. കുർബാന നടക്കുന്ന പ്രെസ്റ്റണ് സെന്റ് അൽഫോൻസാ കത്തീഡ്രൽ ദൈവാലയത്തിൻ്റെ വിലാസം: സെന്റ് അൽഫോൻസാ കത്തീഡ്രൽ, സെന്റ് ഇഗ്‌നേഷ്യസ് സ്‌ക്വയർ, പ്രെസ്റ്റൻ, PR1 1TT.
Leave a Reply