ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
ലണ്ടന്‍: രൂപതാംഗങ്ങളുടെ വിശ്വാസോജ്ജ്വലനം ലക്ഷ്യമാക്കി രൂപം നല്‍കിയ പഞ്ചവത്സര അജപാലന പദ്ധതിയും കുട്ടികളുടെ വര്‍ഷവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ലണ്ടന്‍ ഹൗണ്‍സ്ലോയില്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിശ്വാസ-ധാര്‍മ്മിക പരിശീലനം ലക്ഷ്യം വയ്ക്കുന്ന ആദ്യ വര്‍ഷത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 3ന് മംഗളവര്‍ത്ത കാലം ഒന്നാം ഞായറാഴ്ച കുട്ടികള്‍ കരങ്ങളില്‍ സംവഹിച്ച തിരി തെളിച്ചുകൊണ്ടാണ് നിര്‍വ്വഹിക്കപ്പെട്ടത്. രൂപതാ സംവിധാനവും രൂപതാംഗങ്ങള്‍ എല്ലാവരും തങ്ങളുടെ സാധ്യതകളും സിദ്ധികളും സഭയുടെയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളായ കുഞ്ഞുങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സമര്‍പ്പിക്കാന്‍ സജ്ജരാകണമെന്ന് പിതാവ് ആഹ്വാനം ചെയ്തു.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ കുട്ടികളെയും വിശ്വാസ പരിശീലനത്തിനായി ഒന്നിച്ചു ചേര്‍ക്കുവാന്‍ വൈദികരും സമര്‍പ്പിതരും കൈക്കാരന്മാരും കമ്മറ്റിക്കാരും മതാദ്ധ്യാപകരും സംഘടനാ ഭാരവാഹികളും മാതാപിതാക്കളും തീവ്രമായി പരിശ്രമിക്കണമെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ലണ്ടന്‍ റീജിയന്റെ കോര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഫാന്‍സുവ പത്തില്‍, ബെന്‍ ടോം, വിന്‍സ് ആന്റണി തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിയില്‍ ഇന്നലെ വി. കുര്‍ബാന അര്‍പ്പിക്കപ്പെട്ട എല്ലാ സമൂഹങ്ങളിലും കുട്ടികളുടെ വര്‍ഷം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്ന് വരുന്ന വര്‍ഷങ്ങളില്‍ യുവജനങ്ങള്‍, ദമ്പതികള്‍, കുടുംബങ്ങള്‍, കുടുംബ കൂട്ടായ്മകള്‍, പ്രേഷിത സജ്ജമായ ഇടവകകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന അജപാലന പ്രവര്‍ത്തനങ്ങളാണ് ക്രമീകരിക്കുന്നത്. നവംബര്‍ 20 മുതല്‍ 22 വരെ മിഡ്വെയില്‍സിലെ കെഫെന്‍ലി പാര്‍ക്കില്‍ വച്ച് നടന്ന രൂപതാ പ്രതിനിധി സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പഞ്ചവത്സര അജപാലന പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
Leave a Reply