ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: 2016 ഒക്ടോബര്‍ 9ന് ഔദ്യോഗികമായി പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം പിറന്നാള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായി വരുന്ന തിങ്കളാഴ്ച രൂപതാ ആസ്ഥാനമായ പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഹ കാര്‍മ്മികരായി വികാരി ജനറല്‍മാരും മറ്റു നിരവധി വൈദികരും പങ്കെടുക്കുന്ന ദിവ്യബലിയില്‍ രൂപതയിലെ സന്യസ്തരുടെയും ഓരോ വി. കുര്‍ബാന കേന്ദ്രത്തില്‍ നിന്നുമുള്ള അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം പ്രസ്റ്റണ്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളിലാണ് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായതും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും.
173 വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യാനായി 50ല്‍ അധികം വൈദികരുടെ സേവനവും നാല് സന്യസ്തരുടെ സേവനം ഇപ്പോള്‍ രൂപതയ്ക്ക് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ വിവിധ പ്രവര്‍ത്തനമേഖലകളെ ഏകോപിപ്പിക്കുന്നതിനായി 18-ഓളം കമ്മീഷനുകള്‍, നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍, രൂപതയെ എട്ട് റീജിയണുകളിലായി തിരിച്ചുള്ള പ്രവര്‍ത്തനം, രൂപതാ കൂരിയാ ഉള്‍പ്പെടെയുള്ള ഔദ്യോഗിക ആലോചനാസംഘങ്ങള്‍, അല്‍മായര്‍ക്കായി ‘ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ ആഭിമുഖ്യത്തില്‍ ദൈവശാസ്ത്ര പഠനത്തിന് അവസരം തുടങ്ങിയ പല കാര്യങ്ങളിലൂടെ രൂപതയുടെ ഭാവി വളര്‍ച്ചയ്ക്കായി ബഹുമുഖ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കാനും ഉറച്ച അടിത്തറ നല്‍കാനും രൂപതാധ്യക്ഷന്‍ നേതൃത്വം നല്‍കുന്ന രൂപതാധികാരികള്‍ക്ക് ഈ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു. രൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ആദ്യ ബുള്ളറ്റിന്‍ ‘ദനഹാ’, രൂപത പുറത്തിറക്കിയ കലണ്ടര്‍, ക്രിസ്തുമസ് സന്ദേശ കാര്‍ഡുകള്‍ തുടങ്ങിയവയും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ ഈ ഒരു വര്‍ഷത്തിനുള്ളില്‍ സാധിച്ചു.
സമര്‍ത്ഥമായ നേതൃത്വത്തിലൂടെ രൂപതയെ മുമ്പോട്ടു നയിക്കുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന മികവും ഈ നേട്ടങ്ങളിലും പ്രവര്‍ത്തനങ്ങളിലും നിര്‍ണായകമായി. മൂന്ന് രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ വിശ്വാസികളെ ആത്മീയ കാര്യങ്ങളില്‍ നേതൃത്വം വഹിക്കാന്‍ അല്പം പോലും വിശ്രമമെടുക്കാതെയാണ് അദ്ദേഹം ഓടിയെത്തുന്നത്. സൗമ്യഭാവവും ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വ ഗുണങ്ങളുമുള്ള മാര്‍ സ്രാമ്പിക്കല്‍ ഇതിനോടകം വിശ്വാസികളുടെ മനസില്‍ ഇടം പിടിച്ചു കഴിഞ്ഞു. രൂപതാമെത്രാന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. ഫാന്‍സ്വാ പത്തിലിന്റെ സേവനവും എടുത്തുപറയേണ്ടതാണ്.
തിങ്കളാഴ്ച പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്കും സ്‌നേഹവിരുന്നിനും ശേഷം ഉച്ചകഴിഞ്ഞ് പ്രിസ്ബിറ്റല്‍ കൗണ്‍സിലിന്റെ സമ്മേളനവും ജോയിന്റ് പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ സമ്മേളനവും പ്രസ്റ്റണ്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടക്കും. ഈ ഒരു വര്‍ഷത്തിനിടയില്‍ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയാനായി സാധിക്കുന്ന എല്ലാവരും പ്രസ്റ്റണ്‍ കത്തീഡ്രലില്‍ എത്തിച്ചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
Leave a Reply