ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ഡാര്‍ലിംഗ്ടണ്‍: സഭാ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനും തങ്ങളുടേതായ പ്രവര്‍ത്തനങ്ങളിലൂടെ ആത്മീയ വളര്‍ച്ചയും വിശ്വാസ സാക്ഷ്യവും നല്‍കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സ്ത്രീകള്‍ക്കായി രൂപീകൃതമായ ‘വിമെന്‍സ് ഫോറ’ത്തിന്റെ രൂപതാതല ആദ്യ ദ്വിദിന സെമിനാര്‍ ഇന്നും നാളെയുമായി ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വച്ചുനടക്കും. ഇന്ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടികള്‍ നാളെ ഉച്ചയ്ക്ക് ദിവ്യബലിയോടെ സമാപിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ക്ലാസുകള്‍ നയിക്കും. പ്രവാസി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് എങ്ങനെ വിശ്വാസസാക്ഷ്യം നല്‍കാന്‍ ഇവിടുത്തെ വനിതകള്‍ക്ക് സാധിക്കുമെന്ന് സമ്മേളനം ചര്‍ച്ച ചെയ്യും. ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും അവസരമുണ്ടായിരിക്കും.

അഭിവന്ദ്യ പിതാക്കന്മാര്‍ക്കു പുറമേ റവ. ഫാ. ജോര്‍ജ് പനയ്ക്കല്‍ വി സി, റവ. ഫാ. ജോര്‍ജ് കാരാമയില്‍ എസ്.ജെ, വിമെന്‍സ് ഫോറം ആനിമേറ്റര്‍ റവ. സി ഷാരോണ്‍ സിഎംസി, റവ. സി. മഞ്ചുഷ എഫ്സിസി, രൂപതാ പ്രസിഡന്റ് ജോളി മാത്യൂ, മറ്റു രൂപതാഭാരവാഹികള്‍, കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും. രൂപതയിലെ എല്ലാ റീജിയണുകളില്‍ നിന്നുമുള്ള പ്രതിനിധികളും അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. വിമന്‍സ് ഫോറത്തിന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ പരി. ദൈവമാതാവിന്റെ ലൂര്‍ദ്ദിലെ പ്രത്യക്ഷീകരണ തിരുന്നാള്‍ ദിവസമായ ഫെബ്രുവരി 11 (തിങ്കള്‍) നോടനുബന്ധിച്ച് കൂടിയാണ് രണ്ടുദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.