ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഗ്രേറ്റർ മാഞ്ചസ്റ്ററിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ കാണാതായ പെൺകുട്ടികളോടൊപ്പം പോലീസ് ഹോട്ടൽ മുറിയിൽ നിന്ന് അറസ്റ്റ് ചെയ്ത സംഭവത്തിൽ, പ്രതിയായ അൻപത്തൊമ്പതുകാരനായ കോളിൻ സ്മിത്തിന് 12 വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്യുകയെന്ന ഉദ്ദേശത്തോടെ കുട്ടികളോട് അടുക്കുക, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയ 11 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എല്ലാ കുറ്റങ്ങളും ഇയാൾ സമ്മതിച്ചതതോടെ, മിൻഷൂൾ സ്ട്രീറ്റ് ക്രൗൺ കോടതിയാണ് ചൊവ്വാഴ്ച ഇയാളെ 12 വർഷം കഠിന തടവിനു വിധിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു കൗമാരക്കാരനെ പോലെ പെരുമാറി പെൺകുട്ടികളോട് അടുക്കുകയും അതിനുശേഷം മദ്യം നൽകി ഇവരെ ദുരുപയോഗം ചെയ്യുകയുമായിരുന്നു ഇയാൾ ചെയ്തിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
2020 ഓഗസ്റ്റിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ, ഇയാളുടെ പക്കൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും, കുട്ടികളുമായുള്ള അശ്ലീല സംഭാഷണങ്ങളും മറ്റും കണ്ടെത്തിയിരുന്നു. ഹോട്ടൽ മുറിയിൽ ഇയാൾ തടങ്കലിൽ വച്ച പെൺകുട്ടികളുടെ ഇടപെടലാണ് കുറ്റവാളിയുടെ അറസ്റ്റ് സാധ്യമാക്കിയതെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ഇയാൻ പാർട്ടിങ്ടൺ വ്യക്തമാക്കി. മദ്യം കൊടുത്താണ് ഇയാൾ കുട്ടികളെ ദുരുപയോഗം ചെയ്തത് . ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനുംകുട്ടികൾ ഉൾപ്പെടെയുള്ളവരെ സുരക്ഷിതരാക്കുന്നതിനുമുള്ള പോലീസ് അധികൃതരുടെ പ്രതിബദ്ധതയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകുവാൻ സ്മിത്തിന്റെ പ്രോസിക്യൂഷനും ജയിൽവാസവും സഹായിക്കുമെന്നും ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ വ്യക്തമാക്കി. ഈ സംഭവം പോലീസിൽ അറിയിച്ചതിനും കൊടുംകുറ്റവാളിയായ പ്രതിയ്ക്ക് ശിക്ഷ വാങ്ങി നല്കുന്നതിലും ധൈര്യം കാണിച്ച കുട്ടികളെയും പോലീസ് അധികൃതർ അഭിനന്ദിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ അനുഭവിക്കുന്നവരും അതിനു ദൃക്സാക്ഷികൾ ആകുന്നവരും തികച്ചും ധൈര്യപൂർവ്വം മുന്നോട്ടു വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Leave a Reply