ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് ഭവനരഹിതനായ ഒരാളെ നിലത്തൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മാഞ്ചസ്റ്റർ ടൗൺഹാളിന് സമീപം പോലീസ് മന:പ്പൂർവ്വം ഇയാളുടെ വയറ്റിൽ ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട് . ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തെ കുറിച്ച് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത് .
ബിബിസി ന്യൂസിന് ലഭിച്ച വീഡിയോ അവർ പുറത്തുവിട്ടതാണ് സംഭവം ലോകം അറിഞ്ഞതും വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാകുന്നതിന് കാരണമാവുകയും ചെയ്തത്. സംഭവം ഭയാനകമാണെന്നും പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനകരമാണെന്നും ഭവനരഹിതരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഹോം ലെസ് ചാരിറ്റി ക്രൈസിസ് പറഞ്ഞു. ഇങ്ങനെ ഒരു സംഭവം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലായിരുന്നു എന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു.
സുഡാനിൽ നിന്നുള്ള അഭയാർത്ഥിയാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത് എന്നാണ് റിപ്പോർട്ടുകൾ. ഇയാൾ മറ്റ് ഭവന രഹിതരായ അഭയാർത്ഥികൾക്ക് ഒപ്പം ഉറങ്ങുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ്റെ പ്രവർത്തിയെ തുടർന്ന് തനിക്ക് പരിക്കേറ്റതായി പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത 31 വയസ്സുകാരനായ ആക്രമത്തിന് ഇരയായ ആൾ ബിബിസി ന്യൂസിനോട് പറഞ്ഞു.
വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഇയാളെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. തനിക്ക് കടുത്ത പനി ഉണ്ടായിരുന്നു എന്നും ഉറങ്ങണമെന്ന് പോലീസിനോട് പറഞ്ഞെങ്കിലും അവർ തൻ്റെ വയറ്റിൽ ശക്തമായി ചവിട്ടിയതായാണ് ഇയാൾ പറഞ്ഞത്. ചവിട്ടുകൊണ്ടതിനെ തുടർന്ന് മണിക്കൂറുകളോളം തന്റെ മൂത്രത്തിൽ രക്തത്തിൻറെ അംശം ഉണ്ടായിരുന്നതായി അയാൾ പറഞ്ഞു. അഭയാർത്ഥി എന്ന നിലയിൽ മൂന്നര വർഷം യുകെയിൽ തുടരാൻ അനുവാദം ലഭിച്ചയാളാണ് അക്രമത്തിന് ഇരയായത്. പോലീസിൻറെ പ്രവർത്തിയെ കുറിച്ച് വൻ പ്രതിഷേധമാണ് വിവിധ തലങ്ങളിൽ ഉയർന്നു വന്നിരിക്കുന്നത്.
Leave a Reply