പാറശ്ശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ്. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധു അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളെത്തിയതോടെ വന്‍ജനക്കൂട്ടം വീടിനു ചുറ്റും തടിച്ചികൂടിയിരുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് പോലീസം സംഘമെത്തിയത്.

മുഖ്യപ്രതി ഇല്ലാത്തതിനാല്‍ വീട്ടുവളപ്പിലാണ് തെളിവെടുപ്പ് നടത്തിയത്. വീടുപൂട്ടി സീല്‍ ചെയ്തിരിക്കുകയാണ് പോലീസ്. പ്രതിയായ നിര്‍മല്‍കുമാറുമായി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് സമീപത്തെത്തി കളനാശിനിയുടെ ഒഴിഞ്ഞ കുപ്പി കണ്ടെടുത്തു. ഈ കുപ്പിയിലെ കളനാശിനിയാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ കലര്‍ത്തിനല്‍കിയത്.

ഒഴിഞ്ഞ കുപ്പി ഉപേക്ഷിച്ച സ്ഥലവും ഉപേക്ഷിച്ച രീതിയും പ്രതി വിശദീകരിച്ചു. പിന്നീട് കുളത്തിന് സമീപത്തെ കാട്ടില്‍നിന്ന് കളനാശിനിയുടെ കുപ്പി പോലീസ് സംഘം കണ്ടെടുത്തു. വിഷക്കുപ്പി കണ്ടെടുത്തതിന് പിന്നാലെ ഗ്രീഷ്മയുടെ വീടിന്റെ പുറകുഭാഗത്തേക്കാണ് പ്രതികളെ കൊണ്ടുപോയത്. ഉപേക്ഷിച്ച കളനാശിനി കുപ്പിയുടെ ലേബല്‍ ഇവിടെനിന്ന് കണ്ടെത്തി. കുപ്പി ഉപേക്ഷിക്കുന്നതിന് മുമ്പ് കുപ്പിക്ക് പുറത്തെ ലേബല്‍ വലിച്ചുകീറി ഉപേക്ഷിച്ചെന്ന് പ്രതികള്‍ പറഞ്ഞിരുന്നു.

വീടിന് പുറകിലുള്ള ഷെഡ്ഡിലും തെളിവെടുപ്പ് നടന്നു. കളനാശിനി കുപ്പി നേരത്തെ സൂക്ഷിച്ചിരുന്ന സ്ഥലം പ്രതികള്‍ പോലീസിന് കാണിച്ചുനല്‍കി. ഇവിടെനിന്ന് മറ്റുചില പ്ലാസ്റ്റിക് കുപ്പികളും പച്ചനിറത്തിലുള്ള ദ്രാവകം നിറച്ച കുപ്പിയും പോലീസ് കണ്ടെത്തി. ഇതും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.