മാഞ്ചസ്റ്റർ എയർപോർട്ടിലെ പവർകട്ട് മൂലം തകരാറിലായ പ്രവർത്തനം ഇന്ന് പൂർവസ്ഥിതിയിലാകുമെന്ന് അധികൃതർ അറിയിച്ചു. എയർപോർട്ടിന്റെ പ്രവർത്തനം തകരാറിലായത് ഏകദേശം 90000 യാത്രക്കാരെ ബാധിച്ചതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ വിമാനത്താവള അധികൃതർ ക്ഷമാപണം നടത്തി.
ഞായറാഴ്ച പുലർച്ചെ മുതൽ മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനങ്ങളിൽ പലതും റദ്ദാക്കിയിരുന്നു. പ്രധാനമായും 1, 2 എന്നീ ടെര്‍മിനുകളെയാണ് പ്രശ്നങ്ങൾ ബാധിച്ചത്. ഇവിടേയ്ക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ മറ്റ് എയർപോർട്ടിലേയ്ക്ക് തിരിച്ചു വിട്ടു. യാത്രക്കാർക്കും അവരെ കൊണ്ടുപോകാൻ എത്തിയവർക്കും വളരെയേറെ ബുദ്ധിമുട്ടുകളാണ് ഇതുമൂലം സംഭവിച്ചത്. ഒട്ടേറെ യാത്രക്കാരാണ് വിമാനത്താവളത്തിലെ നീണ്ട ക്യൂവിന്റെ ചിത്രങ്ങൾ കടുത്ത രോഷത്തോടെ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
ഏറ്റവും കൂടുതൽ റദ്ദാക്കലുകൾ ബാധിച്ചത് ഈസി ജെറ്റ് വിമാനങ്ങളെയാണ്. തങ്ങളുടെ നിയന്ത്രണത്തിലല്ല ഒന്നും നടക്കുന്നതെന്നും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളുടെ പ്രയാസം കുറയ്ക്കാൻ സാധ്യമായത് എല്ലാം ചെയ്യുമെന്നും ഈസി ജെറ്റിന്റെ വക്താവ് പറഞ്ഞു. അബുദാബിയിൽ നിന്നുള്ള എത്തിഹാദ് എയർവെയ്സ് വിമാനം മാഞ്ചസ്റ്ററിൽ ഇറക്കുന്നതിന് പകരം ബർമിംഗ്ഹാമിൽ ആണ് ലാൻഡ് ചെയ്തത്. ഒട്ടേറെ മലയാളികൾ ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. യോർക്ക്ഷെയർ, വെയിക്ക് ഫീൽഡ്, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ കേരളത്തിലേക്ക് വരാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എയർപോർട്ട് ആണ് മാഞ്ചസ്റ്റർ. കൊച്ചിയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നതിനും തിരിച്ചുമുള്ള ഒട്ടേറെ മലയാളികളെയാണ് എയർപോർട്ടിലെ പ്രശ്നങ്ങൾ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Leave a Reply