സനു ബേബി

ലോകത്തിലാകമാനം ഇരുൾ പരത്തിയ കോവിഡ് മഹാമാരിയുടെ ഫലമായി അതിജീവനത്തിന്റെ പാതയിലൂടെ മാനവരാശി കടന്നുപോകുമ്പോഴും ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ (ജി എ സി എ ) പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ വേറിട്ട വിസ്മയ കാഴ്ചകളൊരുക്കി ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വർണ്ണാഭമായി നടത്തി. ലോക്ക്ഡൗൺ സമയത്ത് കുട്ടികളും മുതിർന്നവരും അവരവരുടെ വീടുകളിലാണ് വെർച്യുലായി പരിപാടികൾ അവതരിപ്പിച്ചത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾആരംഭിക്കുന്നതിനു മുൻപ് ചിത്രീകരിച്ച പരിപാടികളുമുൾപ്പെടുത്തി അവതരിപ്പിച്ച ആഘോഷങ്ങളുടെ യൂട്യൂബ് വീഡിയോ ഇതിനോടകം നിരവധി ആളുകളുടെ പ്രശംസ ഏറ്റു വാങ്ങുകയുണ്ടായി.


മികച്ച അഭിനയ തനിമയിൽ മനോഹരമായി കുട്ടികൾ ഷാഡോ സ്ക്രീനിൽ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ കാണികൾക്ക് നവ്യമായ അനുഭവമാണ് നൽകിയത് . മികവാർന്ന വിവരണങ്ങളും നൽകി അവതരിപ്പിച്ച നേറ്റിവിറ്റി ഷോയിൽ പങ്കെടുത്തവർ ബേസിൽ,കിങ്ങിണി,എലിസബത്ത് അനിഷ്ക, ജേക്കബ്, ഗീവർ,കെവിൻ,സ്റ്റീഫൻ, ജിൻസി, ചിന്നു, മോളി, അബിൻ എന്നിവരാണ്. തുടർന്ന് യുക്മ ദേശീയ ജനറൽസെക്രട്ടറി അലക്സ് വർഗീസ് വെർച് വൽ പ്ലാറ്റ്ഫോമിലൂടെ ജി എ സി എ യുടെ ക്രിസ്തുമസ്പുതുവത്സരാഘോഷങ്ങളുടെ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. എല്ലാ കുടുംബാംഗങ്ങൾക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റേയും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന അലക്സ് വർഗ്ഗീസ് ജി എസി എ കഴിഞ്ഞ വർഷം യുക്മയിൽ അംഗത്വമെടുത്ത ഉടനെ നടത്തിയ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേളയിൽ മികച്ച രീതിയിൽ പങ്കെടുത്ത് വിജയിച്ച ജി എ സി എ യിലെ അംഗങ്ങളെ അഭിനന്ദിക്കുകയുംചെയ്തു. നിരവധി പ്രതിഭകൾ അംഗങ്ങളായുള്ള ജി എ സി എ എന്ന സംഘടന യുക് മയ്ക്കും യു കെ മലയാളി സമൂഹത്തിനും മാതൃകാപരമായ പ്രവർത്തനങ്ങൾ തുടർന്നും നടത്തുവാൻ ഇടയാകട്ടെയെന്നും അദ്ദേഹംആശംസിച്ചു.


വെർച്ച് വൽ പ്ലാറ്റ് ഫോമിൽ നൂതനമായ സാങ്കേതിക മികവിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാനായി അവതരിപ്പിച്ചത് . മഞ്ഞണിഞ്ഞ രാവിന്റെയും മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുടെയും ഉണ്ണിയേശു പിറന്ന പുൽക്കൂടിന്റെയും ദൃശ്യ ഭംഗിയിൽ ജി എ സി എ യിലെ ഗായകർ ക്രിസ്തുമസ് കരോൾ ഗാനമാലയൊരുക്കി അവതരിപ്പിച്ച ‘മെഡ് ലി’ ഏവർക്കും നവ്യമായ സംഗീതാനുഭവം നൽകി. ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയ കരോൾ ഗാനമാലയിൽ ഗാനങ്ങൾ ആലപിച്ചത് അബിൻജോർജ്ജ്, സജി ജേക്കബ് , സി എ ജോസഫ് , സിനി ജോസഫ്, ജെസ്‌വിൻ ജോസഫ്, വിനോദ് പിള്ള, ബിനോദ് ജോസഫ് എന്നിവരാണ്.


ജി എസ് സി എ യുടെ വെർച് വൽ ആഘോഷപരിപാടികളെ സമ്പന്നമാക്കുവാനായി കാണികളെ വിസ്മയിപ്പിച്ച വ്യത്യസ്തതയാർന്ന നൃത്തങ്ങളും അവതരിപ്പിക്കുകയുണ്ടായി. ജി എ സി എ യുടെ കൊച്ചു നർത്തകരായ ബേസിൽ, സ്കാർലെറ്റ് , അൻഷിക, കിങ്ങിണി, എലിസബത്ത്, ഇവ, മനസ്വിനി, എൽസാ, മെറിൻ, സ്റ്റീഫൻ, ഗീവർ, ജേക്കബ്, ദിവ്യ, കെവിൻ എന്നിവർ ചേർന്ന് ഏവർക്കും ആകർഷണീയമായ നൃത്തങ്ങൾ അവതരിപ്പിച്ചപ്പോൾ മുതിർന്നവരായ ആതിര,സരിത,ചിന്നു, ജിനി, ജിൻസി, മോളി ഫാൻസി എന്നിവർ അവതരിപ്പിച്ച നയനാനന്ദകരവും വൈവിധ്യമാർന്നതുമായ നൃത്തങ്ങൾ കാണികളെ ഉന്നതമായ ആസ്വാദനതലങ്ങളിൽ എത്തിച്ചു.


കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ആളുകൾ വിറങ്ങലിച്ചു നിൽക്കുന്ന അവസരത്തിലും ജി എ സി എ നടത്തിയ വെർച് വൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഇടയിൽ എല്ലാവർക്കും ആശ്വാസ സന്ദേശവുമായി സന്റാക്ലോസ് എത്തിയത് മുഴുവൻ കുടുംബാംഗങ്ങൾക്കും സന്തോഷമുളവാക്കി. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് കൈയുറയും മാസ്ക്കും ധരിച്ചെത്തിയ സാന്റാ ജി എ സി എ യിലെ എല്ലാ അംഗങ്ങൾക്കും കുടുംബങ്ങൾക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റേയും ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു.


കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ എല്ലാവരും സുരക്ഷിതരായിരിക്കുവാനായി മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിച്ച് ശുചിത്വം പാലിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധനടപടികൾ എല്ലാവരും സ്വീകരിക്കണമെന്നും സാന്റാ അഭ്യർത്ഥിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട്‌ എല്ലാവരുടെയും ഭവനങ്ങളിൽ അടുത്തവർഷം സമ്മാനങ്ങളുമായി എത്താമെന്നും ഉറപ്പു നൽകിയാണ് സാന്റാ മടങ്ങിയത്. ജി എ സി എ യിലെ അംഗമായ ജോയൽ ജോസഫാണ് സാന്റാ ക്ലോസിന്റെ വേഷമണിഞ്ഞ് ആശംസ നേരുവാനെത്തി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയത്.


വെർച് വൽ ആഘോഷപരിപാടികളുടെ തുടക്കം മുതൽ അവസാനം വരെ എല്ലാ പ്രോഗ്രാമുകളുടെയും തിളക്കം നഷ്ടപ്പെടുത്താതെ മികവാർന്ന രീതിയിൽ ആങ്കറിംഗ് നടത്തിയ ജി എ സി എ യിലെ അംഗങ്ങളും നവദമ്പതികളുമായ എൽദോയും ചിഞ്ചുവും ഏവർക്കും പ്രിയങ്കരരായി മാറി. ക്രിസ്മസ് സന്ദേശം നൽകിയ ജി എസി എ പ്രസിഡണ്ട് നിക്‌സൺ ആന്റണി മുഖ്യാതിഥിയായി എത്തിയ യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗീസിനും പരിപാടികളിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും നന്ദിയും പ്രകാശിപ്പിച്ചതിനോടൊപ്പം എല്ലാ കുടുംബാംഗങ്ങൾക്കും ക്രിസ്തുമസ് പുതുവത്സരാശംസകളും നേർന്നു.


ജി എ സി എ യുടെ വെർച്വൽ ആഘോഷപരിപാടികളുടെ വീഡിയോ എഡിറ്റ് ചെയ്ത് അവതരിപ്പിച്ച നിക്‌സൺ ആന്റണിയെയും സഹായങ്ങൾ നൽകിയ ചിന്നു ജോർജിനെയും ജി എ സി എ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേകമായി അഭിനന്ദിച്ചു. മഹാമാരിയുടെ സമയത്തും സുരക്ഷിതമായ മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും ജി എ സി എ പ്രസിഡണ്ട് നിക്‌സൺ ആന്റണി, സെക്രട്ടറി സനു ബേബി, ട്രഷറർ ഷിജു മത്തായി എന്നിവർ നന്ദി അറിയിച്ചു. ജി എ സി എയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ വീഡിയോ കാണുവാൻ താഴെകൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ