ഗുജറാത്തിലെ കച്ച് ജില്ലയിലെ രഥയാത്രക്കിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 40ലേറെ പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ധനസമാഹരണമാണ് ഘോഷ യാത്ര നടത്തിയത്.
ഇതിനിടെ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലായിരുന്നു റാലി. മറ്റ് സമുദായത്തെ പ്രകോപിപ്പിക്കുന്നതിനായി പള്ളിയുടെ മുൻപിലെ വഴിയിൽ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയും വാളുകൾ വടിവാളുകൾ തുടങ്ങിയവ ഉയർത്തുകയും തീവച്ചുമായിരുന്നു റാലി.
അക്രമം നിയന്ത്രിക്കുന്നതിനായി പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. അക്രമത്തിന് ശേഷം ജാർഖണ്ഡ് സ്വദേശിയായ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അക്രമത്തിനിടെയാകാം ഇയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. അക്രമത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു.
ഞായറാഴ്ച നടത്തിയ രഥയാത്രക്ക് വിശ്വഹിന്ദു പരിഷത്ത് അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിലെ ധനസമാഹരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലും ഉജ്ജയിനിലും മൻഡാസോറിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.











Leave a Reply