ചെന്നൈ: ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടയും മലയാളിയുമായ ബിനു കീഴടങ്ങി. അമ്പത്തൂര്‍ കോടതിയിലെത്തിയാണ് ബിനു കീഴടങ്ങിയത്. ഇയാളുടെ പിറന്നാള്‍ ആഘോഷത്തിനിടെ തമിഴ്‌നാട് പോലീസ് നടത്തിയ റെയ്ഡില്‍ 73 ഗുണ്ടകള്‍ പിടിയിലായിരുന്നു. കഴിഞ്ഞ 6-ാം തിയതിയായിരുന്ന പിറന്നാള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. അന്ന് പിടിയിലായെങ്കിലും പോലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു.
തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടാലുടന്‍ വെടിവെക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. തമിഴ്‌നാട് പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു. പിറന്നാള്‍ പാര്‍ട്ടിയില്‍ നടന്ന പോലീസ് റെയ്ഡില്‍ നിന്ന് ബിനുവും 20ഓളം പേരുമാണ് രക്ഷപ്പെട്ടത്.
ബിനുവിന്റെ ജന്മദിനാഘോഷത്തിനു വന്ന ഗുണ്ടകള്‍ അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. പിടിയിലായ ഇവരെ പിന്നീട് വിവിധ കോടതികളില്‍ ഹാജരാക്കുകയും മൂന്ന് പേര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പുഴല്‍ ജയിലിലാണ് ഗുണ്ടകളെ പാര്‍പ്പിച്ചിരിക്കുന്നത്. എട്ട് കൊലക്കേസുകളില്‍ ബിനു പ്രതിയാണ്.
Leave a Reply