ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മോണ്ടിനെഗ്രോ :- മോണ്ടിനെഗ്രോയിലെ നഗരത്തിൽ അക്രമി നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ കുട്ടികളാണ് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയാണ് മോണ്ടിനെഗ്രോയിലെ തെക്കൻ നഗരമായ സെറ്റിങ്ങയിൽ മനുഷ്യമനസാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്. അക്രമിയുടെ ഭവനത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന അമ്മയെയും എട്ടും പതിനൊന്നും വയസ്സുള്ള രണ്ട് മക്കളെയുമാണ് ആദ്യം ഇയാൾ ഹണ്ടിങ് റൈഫിൾ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം ഇയാൾ തെരുവിലേക്ക് ഇറങ്ങി വെടിവെപ്പ് തുടരുകയായിരുന്നു എന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. 34 വയസ്സോളം പ്രായമുള്ള ആളായിരുന്നു അക്രമി എന്നാണ് പ്രാഥമിക നിഗമനങ്ങൾ വ്യക്തമാക്കുന്നത്. നിരന്തരമായി നടത്തിയ വെടിവെപ്പിന് ഒടുവിൽ ഇയാളെ വഴി പോകുന്നവരിൽ ഒരാൾ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 11 പേരിൽ 9 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. മറ്റു രണ്ടുപേർ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
11 പേർ കൊല്ലപ്പെട്ട ഈ വെടിവെപ്പ് രാജ്യത്തെ ആകമാനം നടുക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്തരം വെടിവെപ്പ് ആദ്യം ആണെന്ന് പ്രധാനമന്ത്രി ഡ്രിട്ടൻ അബസോവിക് മാധ്യമങ്ങളോട് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും തന്നെ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്ത് അന്വേഷണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Leave a Reply