ലണ്ടന്‍: വാഹനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുകയാണ്. അടുത്ത തലമുറയായ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും സ്മാര്‍ട്ട് ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. നിലവിലുള്ള വാഹനഭങ്ങളിലും ഒട്ടേറെ കാര്യങ്ങള്‍ അവ സ്വയമാണ് കൈകാര്യം ചെയ്യുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യമാണെങ്കിലും ഹാക്കര്‍മാര്‍ക്ക് വാതില്‍ തുറന്നു നല്‍കുക കൂടിയാണെന്ന് ശാസ്ത്രജ്ഞര്‍ ഭിപ്രായപ്പെടുന്നു. ശത്രുരാജ്യങ്ങളുടെ ഹാക്കര്‍മാര്‍ക്ക് ഇത് ഒരു ആയുധമായി ഉപയോഗിച്ച് പൗരന്‍മാരെ കൊന്നൊടുക്കാന്‍ വരെ സാധിക്കുമെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധര്‍ പറയുന്നു.

2005 മുതല്‍ നിര്‍മിച്ചു വരുന്ന എല്ലാ വാഹനങ്ങളുടെയും കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് നുഴഞ്ഞു കയറാന്‍ ഹാക്കര്‍മാര്‍ക്ക് വളരെ വേഗത്തില്‍ സാധിക്കും. ഇങ്ങനെ വാഹനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് മനപൂര്‍വം അപകടങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് മുന്നറിയിപ്പ്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ജസ്റ്റിന്‍ കാപ്പോസ് ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഇത് ഒരു ദേശീയ സുരക്ഷാ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമോ മറ്റ് സമാന സാഹചര്യങ്ങളോ ഉണ്ടായാല്‍ വാഹനങ്ങള്‍ ഹാക്ക് ചെയ്ത് നിരവധി പേരെ കൊന്നൊടുക്കാന്‍ കഴിയുമെന്നും അത്തരമൊരു സാഹചര്യത്തെ ഭയത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്കുകളും പവര്‍ സ്റ്റിയറിംഗുകളും പ്രവര്‍ത്തനരഹിതമാക്കാനും ഡോറുകള്‍ തുറക്കാനാകാതെ ആളുകളെ പൂട്ടിയിടാനുമൊക്കെ ഇതിലൂടെ കഴിയും. ആണവയുദ്ധം പോലെതന്നെ ലക്ഷക്കണക്കിനാളുകളെ സൈബര്‍ യുദ്ധത്തിലൂടെ കൊന്നൊടുക്കാന്‍ പറ്റുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇവ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും കാപ്പോസ് ആവശ്യപ്പെട്ടു.