ബിജെപിയെയും പാര്‍ട്ടിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപി എന്ത് ചെയ്‌തേനെ എന്ന് കോലാപൂരിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പരിഹസിച്ചു.
“ബിജെപിക്ക് ഹിന്ദുത്വയുടെ ഉടമസ്ഥാവകാശം ഒന്നുമില്ല. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ഇലക്ഷന്‍ ജയിക്കാന്‍ ബിജെപി എന്ത് ചെയ്‌തേനെ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. വിഷയങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുമ്പോള്‍ മതം പറഞ്ഞ് അവര്‍ വിദ്വേഷം പ്രചരിപ്പിക്കും”. ഉദ്ധവ് പറഞ്ഞു.
കാവിയും ഹിന്ദുത്വവും ഉപയോഗിച്ചാല്‍ കേന്ദ്രത്തില്‍ ഭരണം പിടിക്കാം എന്ന് ബിജെപിക്ക് കാണിച്ച് കൊടുത്തത് തന്റെ അച്ഛന്‍ ബാല്‍ താക്കറെയാണെന്ന് അവകാശപ്പെട്ട ഉദ്ധവ് ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചെന്ന് ബിജെപി പറയുന്നത് ശരിയല്ലെന്നും ആരോപിച്ചു. “സേന എപ്പോഴും കാവിയിലും ഹിന്ദുത്വയിലും അടിയുറച്ച് വിശ്വസിക്കുന്നവരാണ്.
ഭാരതീയ ജന സംഘം, ജന സംഘം എന്നൊക്കെ പല പേരുകളില്‍ പല പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് ബിജെപിയാണ്. അധികാരം മാത്രം ലക്ഷ്യം വച്ചുള്ള ഹിന്ദുത്വമാണവര്‍ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുത് “. അദ്ദേഹം പറഞ്ഞു.
Leave a Reply