ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന സംഭവങ്ങള്‍ക്കു പിന്നില്‍ ലഷകര്‍ ആണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ആരോപിച്ചതിനു കാരണമായ ഹഫീസ് സഈദിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വ്യാജം. ക്യാംപസിലെ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനു പിന്നില്‍ താനാണെന്ന് വ്യാജ അക്കൗണ്ട് മുന്‍ നിര്‍ത്തി പറഞ്ഞ ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയുടെ നിലപാട് സ്വന്തം ജനങ്ങളെ മണ്ടന്‍മാരാക്കുന്നതിനുളള നല്ല ഉദാഹരണമാണെന്ന് ലഷ്‌കര്‍ നേതാവ് ഹാഫിസ് സഈദ് ട്വീറ്റ് ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്കു പിന്നില്‍ ഭീകര സംഘടനയാണെന്നും ഭീകര ബന്ധം അന്വേഷിക്കുമെന്നുമായിരുന്നു രാജ്‌നാഥ് സിങ് ഇന്നലെ പറഞ്ഞത്. എന്നാല്‍ വ്യാജ അക്കൗണ്ട് കാട്ടിയുള്ള മന്ത്രിയുടെ പ്രസ്താവനയെ തീവ്രവാദി നേതാവ് തന്റെ ട്വീറ്റിലൂടെ പരിഹസിക്കുകയാണ്. കശ്മീരികള്‍ അവരുടെ ഉറച്ച തീരുമാനത്തിലൂടെ ചരിത്രം രചിക്കുകയാണ്. അവിടുത്തെ യുവാക്കള്‍ ആരുടെ ഉത്തരവുകളെയും അനുസരിക്കില്ലെന്നും സഈദ് പറഞ്ഞു.

കടുത്ത പീഡനങ്ങള്‍ വേണ്ടുവോളം ഏറ്റുവാങ്ങേണ്ടി വന്നതിനാല്‍ അവര്‍ ഇപ്പോള്‍ പിന്‍വലിഞ്ഞാലും പൂര്‍വസ്ഥിതി പ്രാപിക്കും. പാകിസ്താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ശ്രീനഗറില്‍ നിന്നും ഡല്‍ഹിവരെ മുഴങ്ങുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെയ്ക്കാന്‍ കഴിയില്ല. പാകിസ്താനോടുളള ശത്രുതയുടെയും വെറുപ്പിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ഹാഫിസ് സന്ദേശത്തില്‍ വ്യക്തമാക്കി.