ലണ്ടന്‍: ഭീകര സംഘടനയില്‍ യുവാക്കളെ ചേര്‍ക്കാന്‍ ജമാത്ത് ഉദ്ധവ തലവന്‍ ഹാഫിസ് സയീദ് ബ്രിട്ടനിലും എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 90കളില്‍ ആയിരുന്നു ഹാഫിസ് സയീദിന്റെ ബ്രിട്ടന്‍ സന്ദര്‍ശനമെന്ന് ബി.ബി.സി റിപ്പോര്‍ട്ടുചെയ്തു. ബ്രിട്ടനിലെ പല സ്ഥലങ്ങളില്‍വച്ച് ഭീകരവാദി നേതാവ് നിരവധി യുവാക്കളെ അഭിസംബോധന ചെയ്തുവെന്നും ബി.ബി.സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ സ്ഥാപകനാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ്. ബി.ബി.സി റേഡിയോ ഫോര്‍ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകളുള്ളത്.
സന്ദര്‍ശനത്തിനിടെ വന്‍തുക സദീയ് സംഭാവനയായി സമാഹരിച്ചുവെന്ന് ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ പറയുന്നു. ഭീകരവാദി നേതാവിന്റെ വാക്കുകേട് നിരവധി സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ളവ സംഭാവന ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
ഹാഫിസ് സയീദ് സ്ഥാപിച്ച ലഷ്‌കര്‍ ഇ തൊയ്ബ ഭീകര സംഘടനയെ 2002 ല്‍ പാകിസ്താന്‍ നിരോധിച്ചിരുന്നു. തൊട്ടുപിന്നാലെ ജമാത്ത് ഉദ്ധവയെന്ന സംഘടനയ്ക്ക് സയീദ് രൂപംനല്‍കി. ഈ സംഘടനയും അധികൃതരുടെ നിരീക്ഷണത്തിലാണ്. എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. പാകിസ്താനില്‍ വീട്ടു തടങ്കലില്‍ കഴിഞ്ഞിരുന്ന ഹാഫിസ് സയീദിനെ അടുത്തിടെയാണ് അധികൃതര്‍ മോചിപ്പിച്ചത്.
Leave a Reply