വേനലിന്റെ വറുതിയിൽ ഒരു മഴ കിട്ടുന്നത് വലിയ ആശ്വാസമാണ്. എന്നാൽ കല്ലുമഴ പെയ്താലോ. കഴിഞ്ഞ ദിവസങ്ങളിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് അക്ഷരാർത്ഥത്തിൽ കല്ലുമഴയായിരുന്നു. എന്നാൽ ഈ കാഴ്ചകൾ സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ്, സത്യാവസ്ഥ എല്ലാവരും അറിഞ്ഞത്
കഴിഞ്ഞ ഒരാഴ്ചയിൽ വിവിധ ദിവസങ്ങളിലായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴം വീണിരുന്നു. വെറുതെ ആലിപ്പഴം പൊഴിഞ്ഞെന്ന് പറഞ്ഞാൽ പോരാ. കാൽ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആലിപ്പഴ വീഴ്ചയായിരുന്നു അത്. മഞ്ഞ് പെയ്യുന്ന ഷിംലയോ കശ്മീരോ ആണിതെന്ന് ചിത്രങ്ങൾ കണ്ടാൽ സംശയം തോന്നും.
ഏപ്രിൽ 30 ന് വൈകിട്ടാണ് മാനന്തവാടിയിലും എച്ചോമിലും ആലിപ്പഴം വീണത്. ഇതിന് പിന്നാലെ സുൽത്താൻ ബത്തേരിയിലും ആലിപ്പഴം വീണു. അത് മെയ് ഒന്നിന് വൈകിട്ടോടെ. അവധി ദിവസമായതിനാൽ നാട്ടുകാരെല്ലാം ആലിപ്പഴത്തിന്റെ വീഴ്ച വേണ്ടുവോളം ആസ്വദിച്ചു.
കൂന കൂട്ടിവച്ചാണ് പലരും വയനാടൻ ആലിപ്പഴത്തെ സ്വീകരിച്ചത്. റോഡിലും മുറ്റത്തും നിറയെ വീണു കിടന്ന ആലിപ്പഴങ്ങൾ ബക്കറ്റിലാക്കി ശേഖരിച്ചവരും ഏറെ. ആലിപ്പഴം വീണ ബത്തേരിയിലെയും മാനന്തവാടിയിലെയും നിരത്തുകൾ കണ്ടാൽ ഹിമാചലിലെയോ ജമ്മുവിലെയോ നാട്ടുവഴികളാണെന്ന് തോന്നിപ്പോകും.
ആലിപ്പഴ കാഴ്ചകളുടെ നിരവധി ചിത്രങ്ങളാണ് ഫെയ്സ്ബുക്കും വാട്സ്ആപ്പും ഉൾപ്പെടെയുളള സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഓരോ ചിത്രവും കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തുന്നതാണ്.
ആലിപ്പഴം വീഴുന്നത് കേരളത്തിൽ അപൂർവമല്ല. പക്ഷെ, ഇത്രയധികം ആലിപ്പഴം ഒരുമിച്ച് വീഴുന്നത് വളരെ അപൂർവമായാണ്. ഇതേക്കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അന്വേഷണം നടത്തിയിരുന്നു. “ഉയർന്ന ഭൂപ്രദേശമായതിനാലാണ് ഇത് സംഭവിച്ചത്” എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം ഡയറക്ടർ സുദേവൻ പറഞ്ഞത്.
“ഇടിമിന്നലുണ്ടാകുമ്പോഴാണ് ഇത്തരം സംഭവങ്ങൾ സാധാരണയായി ഉണ്ടാകുന്നത്. ഇടിമേഘങ്ങൾക്ക് മുകളിലെല്ലാം വലിയ ഐസ് കട്ടകൾ ഉണ്ടാകും. ഇടിയുണ്ടാകുമ്പോൾ ഇത് പൊട്ടിത്തകർന്ന് താഴെ വീഴും. സാധാരണ ഇത് മണ്ണിലേക്ക് എത്താറില്ല. പക്ഷെ കനത്ത നിലയിൽ ഇടിമേഘങ്ങളുടെ ഉപരിതലത്തിൽ ഐസ് കട്ടകൾ ഉണ്ടെങ്കിൽ ഇങ്ങിനെ സംഭവിക്കാറുണ്ട്” അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കാൽനൂറ്റാണ്ടിനിടെ വീണ ഏറ്റവും ശക്തമായ ആലിപ്പഴം, കൃഷിയെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു കർഷകർ. ഏലം, കാപ്പി, മുള തുടങ്ങിയ വിളകൾക്കെല്ലാം ഇത് ഭീഷണിയാകുമോ എന്ന ആശങ്ക വയനാട്ടിലാകെ പരന്നിട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഭയപ്പെടാനൊന്നുമില്ലെന്നാണ് സുദേവൻ വ്യക്തമാക്കിയത്. “സാധാരണ ആപ്പിളിനേക്കാൾ വലിപ്പത്തിൽ വരെ ആലിപ്പഴം വീഴാറുണ്ട്. കേരളത്തിൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്. ആപ്പിളുകളുടെ വലിപ്പത്തിൽ ആലിപ്പഴം പെയ്താൽ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. വയനാട്ടിൽ വീണത് മുന്തിരിയുടെ വലിപ്പത്തിലുള്ള ആലിപ്പഴങ്ങളാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply