ന്യൂസ് ഡെസ്ക് മലയാളം യുകെ
സമൂഹത്തിൽ നടമാടുന്ന അക്രമ സംഭവങ്ങൾ കൗമാരക്കാരിലും യുവാക്കളിലും വലിയതോതിൽ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവന്നു. ഇതനുസരിച്ച് കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ , സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 358,000 കൗമാരക്കാർക്കാണ് ശാരീരികമായി പരിക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത് .
ഇങ്ങനെയുള്ള പ്രശ്നത്തിൽ പെട്ട് കഴിഞ്ഞ 12 മാസത്തിനിടെ 5 പേരിൽ ഒരു കൗമാരക്കാരന്റ വിദ്യാഭ്യാസം മുടങ്ങിയതായാണ് പഠനം കണ്ടെത്തിയത്. അതായത് ഇത്തരം പ്രശ്നങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാരമായി ബാധിക്കുമെന്നാണ് ഇത് വിരൽ ചൂണ്ടുന്നത്. കൗമാരക്കാരുടെ ഇടയിൽ അക്രമ സംഭവങ്ങൾ തടയാൻ യൂത്ത് എൻഡോവ്മെൻറ് ഫണ്ടിനായി 200 മില്യൻ പൗണ്ട് ആണ് സർക്കാർ ധനസഹായമായി നൽകിയത്. 7500 യുവാക്കളിൽ നടത്തിയ വിശദമായ സർവ്വേയുടെ അടിസ്ഥാനത്തിലാണ് യുവാക്കളുടെ ഇടയിലുള്ള ആഴത്തിലുള്ള പല പ്രശ്നങ്ങളും കണ്ടെത്തിയിരിക്കുന്നത്. ദാരിദ്ര്യവും അക്രമ സംഭവങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നതിന്റെ സൂചനകളും പഠനത്തിലുണ്ട്. ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കുന്ന കുടുംബങ്ങളിലെ കൗമാരക്കാരിൽ 3 പേരും കഴിഞ്ഞവർഷം അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
അക്രമ സംഭവങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയുടെ പങ്ക് പഠനത്തിൽ എടുത്തു പറയുന്നുണ്ട്. ഗവേഷണത്തിൽ പങ്കെടുത്ത 10 കൗമാരക്കാരിൽ നാലുപേരും സോഷ്യൽ മീഡിയ അക്രമ സംഭവങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന അഭിപ്രായമാണ് പങ്കുവച്ചത്. അക്രമ സംഭവങ്ങളിൽ പെൺകുട്ടികൾ ഉൾപ്പെടുന്നതും വളരെ കൂടിയതായാണ് കണ്ടെത്തൽ . 5 ശതമാനം ആൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ 7 ശതമാനം പെൺകുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയായതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ഏർപ്പെടുത്തുന്ന ഫലപ്രദമായ മെന്ററിങ് പ്രോഗ്രാമുകളിലൂടെ 21 % അക്രമ സംഭവങ്ങളും കുറയ്ക്കാനാവുമെന്ന് വൈ ഇഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ യേറ്റ്സ് പറഞ്ഞു.
Leave a Reply