ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള സ്ത്രീകളിൽ ഭൂരിഭാഗം പേർക്കും 30 വയസിനു മുൻപ് കുട്ടികളില്ലെന്ന് പുതിയ പഠനറിപ്പോർട്ടുകൾ തെളിയിക്കുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് 1990 ൽ ജനിച്ച സ്ത്രീകളിൽ 50.1 ശതമാനം പേർക്കും 30 വയസ്സായിട്ടും കുട്ടികൾ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇത് മുൻപ് ഉണ്ടായിരുന്ന കണക്കുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. 1940 കളിലും മറ്റും ജനിച്ച സ്ത്രീകൾക്ക് 30 വയസിനു മുൻപ് തന്നെ ഒരു കുട്ടിയെങ്കിലും ഉണ്ടായിരുന്നു. എന്നാൽ കുറച്ചുകൂടി പ്രായം ആയതിനുശേഷം കുട്ടികൾ മതി എന്നുള്ള തീരുമാനത്തിലേക്കാണ് ഇപ്പോൾ സ്ത്രീകൾ എത്തി നിൽക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം കുട്ടികളുണ്ടാകാനുള്ള ഏറ്റവും സാധാരണ പ്രായം മുപ്പത്തിയൊന്നാണ്. എന്നാൽ 1940 കളിൽ ഇതു 22 വയസ്സായിരുന്നു. 30 വയസിനു മുൻപ് കുട്ടികൾ ഉണ്ടാകുന്ന സ്ത്രീകളുടെ എണ്ണം 1971 നു ശേഷം ക്രമാതീതമായി കുറഞ്ഞു വരികയാണ് .
1980ൽ 30 വയസിനു മുൻപ് 24 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് കുട്ടികളില്ലാതിരുന്നതെങ്കിൽ, 1990 ൽ ഇതു 37 ശതമാനവും, 2000 ത്തിൽ 43 ശതമാനവും, ഇപ്പോൾ 50 ശതമാനവും കടന്നിരിക്കുകയാണ്. ഈ ട്രെൻഡ് തന്നെ തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചെറിയ കുടുംബങ്ങളിൽ തന്നെ ചുരുങ്ങാനാണ് കൂടുതൽ സ്ത്രീകളും ഇപ്പോൾ ആഗ്രഹിക്കുന്നത്. രണ്ടു കുട്ടികളുള്ള കുടുംബങ്ങൾ ആകാനാണ് ഭൂരിഭാഗം പേരും ഇപ്പോൾ ആഗ്രഹിക്കുന്നത്.
Leave a Reply