ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഉടനീളം കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധകുത്തിവെയ്പ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ് ഇതിനിടെ ഫൈസർ വാക്‌സിൻെറ പ്രതിരോധകുത്തിവെയ്പ്പുകൾക്കിടയിലുള്ള കാലദൈർഘ്യം അശാസ്ത്രീയമാണെന്ന അഭിപ്രായവുമായി മുതിർന്ന ഡോക്ടർമാർ രംഗത്തുവന്നു. ഫൈസർ കൊറോണാവൈറസ് വാക്‌സിൻെറ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള അന്തരം പകുതിയാക്കണമെന്നാണ് മുതിർന്ന ഡോക്ടർമാർ ചീഫ് മെഡിക്കൽ ഓഫീസറിനോട് ആവശ്യപ്പെട്ടത്. സമാനമായ ആവശ്യവുമായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി.എം.എ) രംഗത്ത് വന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകാരോഗ്യ സംഘടനയുടെ ശുപാർശ പ്രകാരം 2 പ്രതിരോധ കുത്തിവെയ്പ്പുകൾ തമ്മിലുള്ള കാലയളവ് 6 ആഴ്ചയാണ്. എന്നാൽ യുകെയിലെ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എം‌എച്ച്‌ആർ‌എ) രണ്ടാമത്തെ ഫൈസർ ഡോസ് കുത്തിവെയ്ക്കുന്നത് 12 ആഴ്ച വരെ കാലതാമസം വരുത്താൻ തീരുമാനിച്ചിരുന്നു, ഫൈസർ പരീക്ഷണഘട്ടത്തിൽ വാക്‌സിൻെറ ഫലപ്രാപ്തി പരീക്ഷിച്ചത് 21 ദിവസത്തെ ഇടവേളയിൽ ആയിരുന്നു. ഈ വിഷയത്തിൽ ചീഫ് മെഡിക്കൽ ഓഫീസറുമായി ഒരു ചർച്ച നടത്താൻ സംഘടന ആഗ്രഹിക്കുന്നുവെന്ന് ബി‌എം‌എ കൗൺസിൽ ചെയർ ചന്ദ് നാഗ്പോൾ പറഞ്ഞു.


ഇതുവരെ 5.3 ദശലക്ഷത്തിലധികം ആളുകൾക്ക് യുകെയിലുടനീളം ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിച്ചിട്ടുണ്ട്. എന്നാൽ രണ്ടു കുത്തിവെയ്പ്പുകൾക്കിടയിലെ കാലദൈർഘ്യം കൂട്ടാനുള്ള തീരുമാനം സമഗ്രമായ അവലോകനത്തെ തുടർന്നും യുകെയിലെ നാലു ചീഫ് മെഡിക്കൽ ഓഫീസർമാരുടെ ശുപാർശയ്ക്ക് അനുസൃതവുമായിരുന്നു എന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിൻെറ വക്താവ് പറഞ്ഞു. വാക്സിനുകൾ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് ഉയർന്ന പ്രതിരോധശേഷി നൽകുന്നുണ്ടെന്നുള്ളതാണ് രണ്ട് പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലെ കാലദൈർഘ്യം കൂട്ടുന്നതിലുള്ള ഓദ്യോഗിക വിശദീകരണം. പ്രതിരോധ കുത്തിവെയ്പ്പുകൾക്കിടയിലെ കാലദൈർഘ്യം കൂട്ടുന്നതിലൂടെ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം ഇരട്ടിയാക്കാൻ കഴിഞ്ഞു എന്ന് ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിച്ച ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി പറഞ്ഞിരുന്നു.