ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ :- ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിനിടെ, പിടികൂടി ഗാസയിൽ ബന്ദികളാക്കിയ ചിക്കാഗോയിൽ നിന്നുള്ള അമ്മയെയും മകളെയും ഖത്തർ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം മോചിപ്പിക്കുന്ന വീഡിയോ ഹമാസ് പുറത്തുവിട്ടു. നതാലി റാനൻ (17), അമ്മ ജൂഡിത്ത് (59) എന്നിവരെ റാഫ ക്രോസിംഗ് വഴി ഈജിപ്തിലേക്ക് മാറ്റിയതായും, അവിടെ ഇസ്രായേൽ സുരക്ഷാ സേന അവരെ കണ്ടുമുട്ടിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വെള്ളിയാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു . ഇസ്രയേലി പൗരത്വമുള്ള ഇരുവരും, ഒക്ടോബർ ഏഴിന് ഗാസയിൽ നിന്ന് 2 കിലോമീറ്ററിൽ താഴെയുള്ള നഹാൽ ഓസ് കിബ്ബ്‌സ് എന്ന സ്ഥലത്ത് ബന്ധുവിന്റെ ജന്മദിനം ആഘോഷിക്കുവാൻ എത്തിയതായിരുന്നു. ആ സമയത്താണ് ഹമാസ് തീവ്രവാദികൾ അതിർത്തിവേലി കടന്നെത്തി 1,400 പേരെ കൊന്നൊടുക്കുകയും 200-ലധികം പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. വെള്ളിയാഴ്ച വൈകി മകളുമായി ടെലിഫോണിൽ സംസാരിച്ചതായി നതാലിയുടെ പിതാവ്, മകൾ സുഖമായിരിക്കുന്നതായും അതിൽ തനിക്ക് ആശ്വാസം ഉണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളോടുള്ള പ്രതികരണമായാണ് ബന്ധികളെ വിട്ടയച്ചതെന്നും, അതോടൊപ്പം തന്നെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും അദ്ദേഹത്തിന്റെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെയും അവകാശവാദങ്ങൾ തെറ്റാണെന്ന് അമേരിക്കൻ ജനതയ്ക്കും ലോകത്തിനും മുമ്പിൽ തെളിയിക്കാൻ വേണ്ടിയാണെന്നും ഹമാസ് വക്താവ് അബു ഉബൈദ പറഞ്ഞു.


വിട്ടയക്കപ്പെട്ട അമ്മയും മകളും ഉടൻ തന്നെ തങ്ങളുടെ കുടുംബത്തോടൊപ്പം തിരിച്ചെത്തുമെന്നതിൽ താൻ സന്തോഷവാനാണെന്നും, കൂടുതൽ ബന്ദികളെ മോചിപ്പിക്കാനുള്ള തന്റെ ശ്രമങ്ങൾ തുടരുമെന്നും ഒരു പ്രസ്താവനയിൽ ജോ ബൈഡൻ പറഞ്ഞു. വിട്ടയക്കപ്പെട്ട അമ്മയ്ക്കും മകൾക്കും ഇതുവരെയും പരുക്കുകൾ ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ പ്രതിസന്ധി ലഘൂകരിക്കാനും, സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ആത്യന്തിക ലക്ഷ്യത്തോടെ എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ ഉള്ള ചർച്ചകൾ ഇസ്രായേലുമായും ഹമാസുമായും തുടരുമെന്ന് ഖത്തർ പറഞ്ഞു.മോചനത്തിന് സഹായിച്ച ഇന്റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസ് എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള റിലീസിന് സൗകര്യമൊരുക്കാനും ആഹ്വാനം ചെയ്തു.