ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. ഹന്ദ്വാരയില്‍ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് തങ്ങുന്നതായിട്ടാണ് സൂചന. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. സേനയ്ക്ക് നേരെ തീവ്രവാദികളാണ് ആദ്യം വെടിവെച്ചത്. പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

ജമ്മു പോലീസും 44 രാഷ്ട്രീയ റൈഫിള്‍സ് സേനയും സംയുക്തമായി കുങ്ക്നൂ ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതിന് പിന്നാലെയാണ് ഹന്ദ്വാരയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സൈന്യം സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 15ലധികം തവണ സൈന്യം തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ ആക്രമിച്ചിരുന്നു. മിന്നലാക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലും വെടിവെപ്പ് നടക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ വൈകീട്ട് നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാക് ആക്രമണം ഉണ്ടായിരിക്കുന്ന സ്ഥലങ്ങളില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. മിസൈല്‍ ലോഞ്ചറുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകളെ ആക്രമിക്കുന്നത്. സുന്ദര്‍ബാനിലും നൗഷേരിയിലും പൂഞ്ചിലെ മന്‍കോട്ടിലുമാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ഇന്നലെ മാത്രം അഞ്ചിലധികം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്.