ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തില്‍കാണാതായി ആറു ദിവസത്തിനുശേഷം കണ്ടെത്തിയ ഹനുമന്തപ്പ മരണത്തിന് കീഴടങ്ങി. ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ലാന്‍സ് നായിക് ഹനുമന്തപ്പ. കോമയിലായിരുന്ന ഹനുമന്തപ്പയ്ക്ക് ന്യൂമോണിയ ബാധിച്ചതായി നേരത്തെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഉച്ചക്ക് 12 മണിയോടെയാണ് മരിച്ചത്.
അപകടം നടന്ന് ആറു ദിവസങ്ങള്‍ക്കു ശേഷമാണ് 25 അടി മഞ്ഞുപാളികള്‍ക്കടിയില്‍ നിന്നും ഹനുമന്തപ്പയെ പുറത്തെടുത്തത്. മൈനസ് നാല്‍പ്പത് ഡിഗ്രി തണുപ്പിലും ആറു ദിവസം ജീവന്‍ നിലനിന്നത് അത്ശയകരമെന്നായിരുന്നു വിലയിരുത്തല്‍. രക്തസമ്മര്‍ദം തീരെ കുറഞ്ഞതും കരളും, വൃക്കകളും പ്രവര്‍ത്തന രഹിതമായതും ആരോഗ്യനിലയെ വഷളാക്കിയിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആറുദിവസം മഞ്ഞിനകത്ത് കഴിഞ്ഞ ഹനുമന്തപ്പയുടെ ശരീരത്തിന് കടുത്ത നിര്‍ജലീകരണമാണ് സംഭവിച്ചത്.
കര്‍ണ്ണാടക സ്വദേശിയായ ഹനുമന്തപ്പയെ മഞ്ഞുപാളികള്‍ക്കുള്ളില്‍ ഒരു വായു അറയിലാണ് കണ്ടെത്തിയത്. രക്ഷപ്പെടുത്തി നാലു ദിവസം പിന്നിടുമ്പോളാണ് മരണത്തിന് ഈ സൈനികന്‍ കീഴടങ്ങിയത്. സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞു വീണ് പത്ത് സൈനികരെയാണ് കാണാതായത്. കൊല്ലം മണ്‍റോതുരുത്ത് സ്വദേശി സുധീഷ് എന്ന സൈനികനും ഇവരിലുണ്ടായിരുന്നു. അപകടത്തിനു ശേഷം നടത്തിയ തിരച്ചിലിലാണ് ഹനുമന്തപ്പയെ ജീവനോടെ കണ്ടെടുത്തത്. മറ്റുള്ളവര്‍ മരിച്ചതായി സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.