ന്യൂഡല്‍ഹി: വിസ്മയംപോലെ പ്രകൃതി മടക്കിത്തന്ന ആ ജീവനുവേണ്ടിയുള്ള രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനകളും കണ്ണീരോടെ യാത്രമൊഴിക്ക് വഴിമാറി. ആറുദിവസം ലോകത്തിലെ ഏറ്റവും ഉയരം കൂടി യുദ്ധഭൂമിയായ സിയാച്ചിനിലെ മഞ്ഞുപാളിക്കടിയിലും മൂന്നുദിവസം ഡല്‍ഹി സൈനിക ആശുപത്രിയിലെ വെന്റിലേറ്ററിലും ജീവനുവേണ്ടി പോരാടിയ ലാന്‍സ് നായിക് ഹനുമന്തപ്പയ്ക്ക് രാജ്യം കണ്ണീരോടെ വിട നല്‍കി. വ്യാഴാഴ്ച രാവിലെ 11.45നായിരുന്നു ധീരജവാന്റെ മരണം. അദ്ദേഹത്തിന്റെ കരളും വൃക്കയുമടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.
ന്യുമോണിയബാധ രൂക്ഷമാവുകയും തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താതാവുകയും ചെയ്തതോടെ മരണം സംഭവിക്കുകയായിരുന്നു. സൈനിക ആശുപത്രിയില്‍ നിന്നും ഡല്‍ഹി ബ്രാര്‍ സ്‌ക്വയറിലെ സൈനിക കേന്ദ്രത്തിലെത്തിച്ച മൃതദേഹത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും കരസേനമേധാവി ദല്‍ബീര്‍ സിങ് സുഹാഗും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍ തുടങ്ങിയ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഹനുമന്തപ്പയുടെ മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ജന്മനാടായ കര്‍ണാടകയില്‍ എത്തിക്കും.
2002 ഒക്ടോബര്‍ 25 ന് സൈന്യത്തില്‍ ചേര്‍ന്ന ഹനുമന്തപ്പ കശ്മീരിലെയും ബോഡാ തീവ്രവാദ ഭീഷണിയുള്ള അസമിലേയും സംഘര്‍ഷ മേഖലകളിലാണ് ഏറിയപങ്കും സേവനം അനുഷ്ഠിച്ചിരുന്നത്. ഈ മാസം മൂന്നിനാണ് ഹനുമന്തപ്പയും കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശിയായ ലാന്‍സ് നായിക് സുധീഷ് ബിയും ഉള്‍പ്പെടുന്ന 19–ാം ബറ്റാലിയന്‍ മദ്രാസ് റെജിമെന്റിലെ പത്ത് സൈനികര്‍ മഞ്ഞിലിടിച്ചിലില്‍പ്പെട്ടത്.