മോഹൻലാലിന്റെ ദൃശ്യം 2 നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽകരിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ.
ഇത് ഒരു ആവറേജ് ക്രൈംത്രില്ലർ പോലുമല്ലെന്നും സിനിമയിൽ അയുക്തികമായ പലതുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
അയുക്തികമായ പലതുമുണ്ട് ദൃശ്യം 2 ൽ. അതൊരു ആവറേജ് ക്രൈംത്രില്ലർ പോലുമല്ല, പോട്ടെ. പോപ്പുലർ സിനിമയിൽ സംവിധായകൻ ന്യായീകരിക്കുന്ന, വികസിത ജനാധിപത്യ സമൂഹത്തിനു അസഹനീയമായ ഒന്നുണ്ട്. സമൂഹത്തിനു അപകടകരമായ ഒന്ന്.
പൊലീസിന് സംശയമുണ്ട് എന്നതിന്റെ മാത്രം പേരിൽ, കോടതി വെറുതേ വിട്ട ഒരുവന്റെ വീട്ടിൽ എമ്പാടും ബഗ് വെയ്ക്കുക, വോയ്‌സ് റിക്കാർഡ് ചെയ്യുക, അവരുടെ പ്രൈവസിയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുക, എന്നിട്ട് ഷാഡോ പൊലീസെന്നു പേരും !!
‘നിയമത്തിനു മുന്നിൽ തെളിവ്മൂല്യമില്ല – ലീഡ് കിട്ടാനാണ്’ എന്നൊക്കെ പറയുന്നെങ്കിലും അത് അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്.
ശുദ്ധ പോക്രിത്തരമാണ്.
“സിസ്റ്റമിക് സപ്പോർട്ടൊന്നും ഞങ്ങൾക്ക് കിട്ടുന്നില്ല” എന്നു IG ജഡ്ജിയുടെ ചേംബറിൽ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടിൽ ഒളിക്യാമറ വെച്ചു റിക്കാർഡ് നടത്തി കേസ് തെളിയിക്കാൻ സ്റ്റേറ്റ് മിഷനറി കൂടി പോലീസിനെ സഹായിക്കണം എന്നാവും സംവിധായകൻ ഉദ്ദേശിച്ചത്. സത്യം പറഞ്ഞാൽ, ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ IG യുടെ ജോലി തെറിക്കേണ്ടതാണ്.
പോലീസ് സംശയിക്കുന്ന ആളുകളുടെയൊക്കെ പ്രൈവസിയിലേക്ക് സ്റേറ്റിന് നിരന്തരം ഒളിഞ്ഞു നോക്കാൻ അവസരം നൽകുന്നത് ക്രൈം കുറയ്ക്കാൻ നല്ലതല്ലേ എന്നു സംശയിക്കുന്ന നിഷ്കളങ്ക ഊളകൾ ഏറെയുള്ള കാലമാണ് സിനിമയിലും അത് വെളുപ്പിച്ചെടുക്കാൻ നോക്കുന്നത്.
NB: സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളേ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകൾ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിൾ ചെയ്തു നോക്കണം.
Leave a Reply