ലണ്ടന്‍: ശ്വാസം നിലച്ച് ശരീരമാകെ നീലനിറം ബാധിച്ച പിഞ്ചുകുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് 999 കോള്‍. സാചാരി ലെഗ് എന്ന കുഞ്ഞിനാണ് അമ്മയുടെ മനസാന്നിധ്യത്തിലൂടെ ജീവന്‍ തിരികെക്കിട്ടിയത്. പരിഭ്രാന്തയായ അമ്മ ജാസ്മിന്‍ 999ല്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയും ലൈനിലെത്തിയ ഡാരന്‍ ബ്രാഡ്‌ലി എന്ന പാരാമെഡിക്കിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുഞ്ഞിന് പ്രഥമശുശ്രൂഷകള്‍ നല്‍കുകയുമായിരുന്നു. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ഫോണ്‍ കോളിന്റെ ശബ്ദരേഖ പിന്നീട് ജാസ്മിന്‍ പുറത്തു വിടുകയും ചെയ്തു.
കഴിഞ്ഞ നവംബര്‍ 24നായിരുന്നും സംഭവമുണ്ടായത്. സഹോദരന്‍ ജോഷ്വയില്‍ നിന്നാണ് സാചാരിക്ക് പനിയും ചുമയും പകര്‍ന്നത്. നെഞ്ചില്‍ കഫം അടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും അതി തനിയെ മാറിക്കൊള്ളുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് കുഞ്ഞിന്റെ ശരീരതാപം വല്ലാതെ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജാസ്മിന്‍ ജിപിയെ വിളിച്ചു. അടിയന്തരമായി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ എത്തിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പെട്ടെന്ന് തന്നെ കുഞ്ഞിന്റെ ശ്വാസം നിലക്കുകയും ശരീരം നീല നിറമാകുകയും ചെയ്തു.
ജാസ്മിന്‍ അവസാന ശ്രമമെന്ന നിലക്കാണ് 999ല്‍ വിളിച്ചത്. കോള്‍ അറ്റന്‍ഡ് ചെയ്ത ഡാരന്‍ ജാസ്മിന് ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. കുഞ്ഞിന്റെ മൂക്കും വായം ജാസ്മിന്റെ വായിലേക്ക് ചേര്‍ത്ത് വെച്ച് ശ്വാസം ഊതി നല്‍കാന്‍ ഡാരന്‍ പറഞ്ഞു. ഇതേവരെ സിപിആര്‍ ചെയ്തിട്ടില്ലാത്ത ജാസ്മിന്‍ ഡാരന്‍ പറഞ്ഞത് അതേപടി ചെയ്തു. എട്ട് മിനിറ്റിന് ശേഷം ആംബുലന്‍സ് എത്തുന്നത് വരെ കുഞ്ഞിന് ഈ വിധത്തില്‍ ശ്വാസോച്ഛാസം നല്‍കി. പിന്നീട് വെക്‌സ്ഹാം ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ സൗത്താംപ്റ്റണ്‍ ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് മാറ്റി.
ഗുരുതരമായ ബ്രോങ്കോളൈറ്റിസ് ആയിരുന്നു കുഞ്ഞിന് ബാധിച്ചിരുന്നതെന്നാണ് കണ്ടെത്തിയത്. ശ്വാസനാളത്തിന് അണുബാധയുണ്ടാകുന്ന ഈ അവസ്ഥയില്‍ നിന്ന് മുക്തനായ കുഞ്ഞിനെ പിന്നീട് ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് തിരികെ വീട്ടിലെത്തിയതിനു ശേഷം രക്ഷകനായ ഡാരനുമായി ഒരു കൂടിക്കാഴ്ചയ്ക്ക് ജാസ്മിന്റെ ഭര്‍ത്താവ് ഡേവിഡ് അവസരമൊരുക്കി. ശ്വാസനാളത്തിന് തടസമായിരുന്ന കഫം സിപിആര്‍ നല്‍കിയപ്പോള്‍ തെറിച്ചു പോയതായിരിക്കാം കുഞ്ഞിന്റെ ജീവന് രക്ഷയായതെന്ന് ഡാരന്‍ പറഞ്ഞു.
Leave a Reply