ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ 2023 – ൽ കുട്ടികൾക്ക് നൽകുന്ന പേരുകളുടെ കൂട്ടത്തിൽ ഏറ്റവും ജനപ്രീതിയുള്ള നാമങ്ങൾ പുറത്തുവന്നു. ഏറ്റവും കൂടുതൽ ആൺകുട്ടികൾക്ക് നൽകപ്പെട്ടിരിക്കുന്ന പേര് മുഹമ്മദ് എന്നാണ്. ലില്ലിയാണ് പെൺകുട്ടികൾക്ക് നൽകപ്പെട്ടിരിക്കുന്ന പേരുകളുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനത്ത് എത്തിയത്. നോഹയും തിയോയും ആണ് ആൺകുട്ടികളുടെ ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്. ലില്ലിയും സോഫിയുമാണ് പെൺകുട്ടികളുടെ ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനം അലങ്കരിക്കുന്നത്.
ബ്രിട്ടനിൽ മുൻപ് വൻ പ്രചാരത്തിലുള്ള പേരായിരുന്നു ഹാരി എന്നത് . നേരത്തെയുള്ള പട്ടികയിൽ 13-ാം സ്ഥാനത്തുള്ള ഹാരിയുടെ പേര് ഈ വർഷം 23-ാം സ്ഥാനത്ത് മാത്രമാണ് ഉള്ളത്. മേഗൻ എന്ന നാമത്തിനും ജനപ്രീതിയിൽ വൻ തകർച്ചയാണ് നേരിട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി ഹാരി രാജകുമാരനും മേഗൻ മാർക്കിളിനുമുള്ള അസ്വാരസ്യങ്ങളാണ് ഈ പേരുകളുടെ ജനപ്രീതി വ്യാപകമായി ഇടിയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2020 ന്റെ തുടക്കത്തിൽ രാജകുടുംബത്തിലെ മുതിർന്ന അംഗ പദവികളിൽ നിന്ന് രാജിവച്ചതിനുശേഷം ഹാരി- മേഗൻ ദമ്പതികളും ബ്രിട്ടീഷ് രാജകുടുംബവുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു. ഹാരിയുടെ ഓർമ്മക്കുറിപ്പായ സ്പെയറിൽ മയക്കുമരുന്ന് ഉപയോഗം, പബ്ലിനുള്ളിൽ നടത്തിയ ആദ്യ ലൈംഗികവേഴ്ചയുടെ വെളിപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങൾ മൂലം മാതാപിതാക്കൾ ഹാരി എന്ന പേര് തങ്ങളുടെ മക്കൾക്ക് കൊടുക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചതാണ് ഹാരി എന്ന പേരിന് പ്രിയം കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനൊപ്പം അഫ്ഗാനിസ്ഥാനിൽ സായുധ സേനയിലായിരുന്നപ്പോൾ ആളുകളെ കൊന്നതായുള്ള വെളിപ്പെടുത്തലും വൻ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു
Leave a Reply