ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മകൾക്ക് ലിലിബെറ്റ് എന്ന പേര് നൽകാൻ താനും മേഗനും രാജ്ഞിയോട് അനുവാദം ചോദിച്ചിട്ടില്ലെന്ന റിപ്പോർട്ട് വന്നതിനെത്തുടർന്ന് ഹാരി രാജകുമാരൻ ബിബിസിക്കെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുന്നു. ഇതോടെ ഹാരിയും കൊട്ടാരവും കോർപറേഷനും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണ്. കുഞ്ഞിന് രാജ്ഞിയുടെ കുട്ടിക്കാലത്തെ പേര് നൽകാനുള്ള ദമ്പതികളുടെ തീരുമാനം, രാജ്ഞിയോട് അഭിപ്രായം ചോദിച്ചിട്ടായിരുന്നില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം വൃത്തങ്ങൾ ബിബിസി ലേഖകൻ ജോണി ഡൈമണ്ടിനോട് പറഞ്ഞു. എന്നാൽ ബിബിസിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് 90 മിനിറ്റിനുള്ളിൽ തന്നെ ഹാരി തിരിച്ചടിച്ചു. അദ്ദേഹത്തിന്റെയും മേഗന്റെയും അടുത്ത സുഹൃത്ത് ഓമിഡ് സ്കോബിയുടെ പ്രസ്താവനയിലൂടെ, മകളുടെ ജനനത്തിനുശേഷം താൻ ആദ്യമായി വിളിച്ച വ്യക്തിയാണ് രാജ്ഞിയെന്ന് അറിയിച്ചു. നിയമ സ്ഥാപനമായ ഷില്ലിംഗ്സ് വഴി നിയമനടപടി സ്വീകരിക്കുമെന്ന് ബിബിസിയെ അറിയിക്കുകയും ചെയ്തു.
ബിബിസി റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്ന് പ്രസ്താവനയിൽ പറയുന്നു. “രാജ്ഞിയുമായുള്ള സംഭാഷണത്തിനിടയിൽ,തന്റെ മകൾക്ക് ലിലിബെറ്റ് എന്ന് പേരിടാനുള്ള ആഗ്രഹം ഹാരി പങ്കുവെച്ചു. രാജ്ഞി പിന്തുണച്ചിരുന്നില്ലെങ്കിൽ അവർ ആ പേര് ഉപയോഗിക്കുമായിരുന്നില്ല.” പ്രസ്താവനയിൽ ഇപ്രകാരം പറയുന്നു. ബിബിസി റിപ്പോർട്ട് തിരുത്തിയെങ്കിലും കുഞ്ഞിന്റെ പേരിനെക്കുറിച്ച് രാജ്ഞിയോട് ചോദിച്ചിട്ടില്ലെന്ന് ലേഖനം പറയുന്നുണ്ട്. ഒപ്പം ബക്കിംഗ്ഹാം കൊട്ടാരവുമായി ബന്ധപ്പെട്ട ഡൈമണ്ടിന്റെ ട്വീറ്റുകളും ഇപ്പോഴും നിലനിൽക്കുന്നു. ലിലിബെറ്റിനെക്കുറിച്ചുള്ള ബിബിസി റിപ്പോർട്ടിനെ ഹാരി ശക്തമായി വിമർശിച്ചു.
വെള്ളിയാഴ്ചയാണ് ഹാരി – മേഗൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ലിലിബെറ്റ് ഡയാന മൗണ്ട് ബാറ്റൺ-വിൻഡ്‌സർ എന്നാണ് പേര് നൽകിയത്. തന്റെ അമ്മയുടെ ഓർമയ്ക്കായാണ് ഡയാന എന്ന മധ്യനാമം നൽകിയത്. പേര് പ്രഖ്യാപിക്കുന്നതിനുമുമ്പ് രാജ്ഞിയുടെ പേര് ദമ്പതികൾ ആലോചിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ പേരിനെ സംബന്ധിച്ച് രാജ്ഞിയോട് ആലോചിച്ചിട്ടില്ലെന്ന് കൊട്ടാരത്തിനകത്തുള്ളവർ ഇന്നലെ രാവിലെ പറയുകയുണ്ടായി. ഇതാണ് ബിബിസിയുടെ റിപ്പോർട്ടിനു കാരണമായത്. തന്റെ ജീവിതത്തിലെ പ്രധാനപെട്ട രണ്ട് സ്ത്രീകളുടെ പേരുകൾ മകൾക്ക് നൽകി ആദരവ് അർപ്പിക്കുന്നത് ഹാരിയെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Leave a Reply