വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ യുകെയില്‍ ശക്തമായ നിയമം വരുന്നു. വിദ്വേഷ പ്രചാരകന്‍ എതെങ്കിലും അതോറിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണെങ്കില്‍ ശിക്ഷ കടുത്തതാകും. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരുടെ സമൂഹത്തിലുള്ള സ്വാധീനത്തിന് അനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുകയെന്ന് പുതിയ നിയമ ഭേദഗതി വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ ശിക്ഷ വിധിക്കുമ്പോള്‍ പ്രചാരകന്റെ ഫോളോവേഴ്‌സിന്റെ എണ്ണമായിരിക്കും പരിശോധിക്കുക. പ്രചാരണം കൂടുതല്‍ പേരിലെത്തിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ കടുത്ത ശിക്ഷ കുറ്റാരോപിതന് ലഭിക്കും. ദി സെന്റന്‍സിംങ് കൗണ്‍സില്‍ ഫോര്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സാണ് പുതിയ ഭേദഗതി തയ്യാറാക്കിയിരിക്കുന്നത്. നിറം, മതം, ലൈംഗികാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളില്‍ വിദ്വേഷം നിറഞ്ഞ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പുതിയ ഭേദഗതി പ്രകാരം കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക.
സമൂഹം ബഹുമാനിക്കുന്ന സ്ഥാനത്ത് ഇരിക്കുന്ന വ്യക്തികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ നടത്തുന്ന വിദ്വേഷം കലര്‍ന്ന പ്രചരണങ്ങള്‍ ഇനി മുതല്‍ കടുത്ത കുറ്റമായി കണക്കാപ്പെടും. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്താന്‍ കോടതികള്‍ക്ക് കഴിയും. സമൂഹത്തില്‍ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നവയാണ്. ജനങ്ങള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ തകര്‍ക്കുന്നതിനും ചിലരുടെ ജീവന് തന്നെ ഭീഷണിയായും ഇത്തരം ക്യാംമ്പയിനുകള്‍ മാറാനുള്ള സാധ്യതകളുണ്ടെന്നും ദി സെന്റന്‍സിംങ് കൗണ്‍സില്‍ ഫോര്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് വ്യക്തമാക്കുന്നു. ഇന്നത്തെ സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ളവര്‍ നടത്തുന്ന ക്യാംമ്പയിനുകളും വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുന്നവയാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ പ്രവര്‍ത്തിക്കുന്നവരുടെ വിദ്വേഷ പരാമര്‍ശങ്ങളും കടുത്ത ശിക്ഷ ലഭിക്കാന്‍ പാകത്തിനുള്ള കുറ്റങ്ങളുടെ ഗണത്തില്‍പ്പെടും. ക്യാംമ്പയിനിന്റെ/പരാമര്‍ശത്തിന്റെ ഓഡിയന്‍സ് റീച്ച് അനുസരിച്ചായിരിക്കും കോടതി ശിക്ഷ തീരുമാനിക്കുക. സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിത്വങ്ങള്‍ നടത്തുന്ന തീവ്രസ്വഭാവമുള്ള പ്രസംഗങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ കഴിയുന്നതാണെന്ന് സെന്റന്‍സിംങ് കൗണ്‍സില്‍ നിരീക്ഷിച്ചു. വിവേചന പരമാര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിക്കുന്നതും കുറ്റകരമാണ്. ചില പ്രത്യേക വിഭാഗങ്ങളെ അപമാനിക്കുന്ന ദൃശ്യങ്ങളോ പരമാര്‍ശങ്ങളോ ഉള്‍പ്പെടുന്ന യൂട്യൂബ് കണ്ടന്റുകള്‍ പ്രചരിപ്പിച്ചാലും ശിക്ഷ ഉറപ്പാണെന്ന് പുതിയ ഭേദഗതി വ്യക്തമാക്കുന്നു. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. പ്രചാരണത്തിന്റെ സ്വഭാവം, സ്വാധീനം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ശിക്ഷ വിധിക്കുക.
Leave a Reply